വോട്ടർ പട്ടിക പരിഷ്കരണം: പാർലമെന്റിൽ ചർച്ച നിശ്ചയിച്ച് കേന്ദ്രം; ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10 മണിക്കൂർ ചർച്ച
ദില്ലി: വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ ചര്‍ച്ച നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പത്ത് മണിക്കൂർ നേരം പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കും. ഉടന്‍ ചര്‍ച്ചയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിച്ചിരുന്നു. എസ്ഐആറിലെ ചര്‍ച്ചക്ക് മുന്‍പ് സര്‍ക്കാര്‍ അജണ്ടയായ വന്ദേ മാതരത്തില്‍ ചര്‍ച്ച നടക്കും.
പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിന് പിന്നാലെ എസ്ഐആറില്‍ ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍. വോട്ടര്‍ പട്ടിക പരിഷ്ക്കരണമെന്ന പേരിലല്ല മറിച്ച് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമെന്ന പേരിലാകും ചര്‍ച്ച നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ചര്‍ച്ച നടക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബുധനാഴ്ച ചര്‍ച്ചക്ക് മറുപടി നല്‍കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല. അമിത് ഷാ സംസാരിക്കും. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതോടെ നാളെ മുതല്‍ സഭയില്‍ ബഹളമുണ്ടാകില്ലെന്ന ഉറപ്പ് പ്രതിപക്ഷം നല്‍കിയിട്ടുണ്ടെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്. വോട്ട് കള്ളന്‍ സിംഹാസനം ഒഴിയൂ എന്ന മുദ്രാവാക്യവുമായി ഇരുസഭകളും കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷം സ്തംഭിപ്പിക്കുകയായിരുന്നു.
കക്ഷിനേതാക്കളെ കണ്ട് അനുനയത്തിന് സ്പീക്കര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 28 ബിഎല്‍ഒമാര്‍ മരിച്ചെന്നും എന്നിട്ടും എസ്ഐആര്‍ തുടരുകയാണെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആശങ്ക പ്രകടിപ്പിച്ചു. ഇന്നോ നാളയോ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ചര്‍ച്ചക്കില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു നിലപാടെടുത്തെങ്കിലും ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കത്തിലെ അപകടം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. വോട്ടര്‍ പട്ടികയില്‍ ചര്‍ച്ചക്ക് തയ്യാറായെന്ന് പറയുമ്പോഴും സര്‍ക്കാര്‍ അജണ്ടയായ വന്ദമാതരത്തിന്‍റെ നൂറ്റിയമ്പതാം വാര്‍ഷികമെന്ന വിഷയത്തില്‍ ആദ്യം ചര്‍ച്ച നടത്താനാണ് തീരുമാനം.
വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിലെ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പ്രധാനമന്ത്രിയാണ് വന്ദേമാതരത്തിലെ ചര്‍ച്ചക്ക് തുടക്കമിടുന്നത്. വന്ദേമാതരം ചര്‍ച്ചയുടെ ദൈര്‍ഘ്യവും പത്ത് മണിക്കൂറാണ്. വന്ദേമാതരത്തിലെ ചര്‍ച്ചയില്‍ പങ്കെടുക്കണോയെന്ന് പ്രതിപക്ഷം നാളെ തീരുമാനിക്കും. ചില പാര്‍ട്ടികള്‍ ചര്‍ച്ചയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച ബഹിഷ്ക്കരിച്ചാല്‍ രാജ്യസ്നേഹമെന്ന ആയുധം വീശി ഭരണപക്ഷം വെട്ടിലാക്കാനുള്ള സാധ്യതയും പ്രതിപക്ഷം മുന്നില്‍ കാണുന്നുണ്ട്.
إرسال تعليق