ഐപിഎൽ: 10 ടീമുകൾ, 350 താരങ്ങൾ, 237.55 കോടി രൂപ; താരലേലം ഇന്ന്
ന്യൂഡല്‍ഹി: ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. 350 താരങ്ങൾ ഉൾപ്പെട്ട അന്തിമ ലേലത്തിൽ 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യം. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും. മിനി ലേലത്തിൽ നിരവധി സൂപ്പർ താരങ്ങൾ എത്തുന്നതിനാൽ പോരാട്ടം കടുക്കും. 237.55 കോടിയാണ് മിനി ലേലത്തിൽ ആകെ ഉപയോഗിക്കപ്പെടുക.
10 ടീമുകളും അവസാന സീസണിലെ പിഴവുകൾ നികത്തിയുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ സാധിക്കുന്നത് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനും (64.30 കോടി) ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിനുമാണ് (2.75 കോടി). ഓരോ ടീമുകളും ലേലത്തിൽ ലക്ഷ്യമിടുന്ന താരങ്ങളും ചെലവഴിക്കാവുന്ന തുകയും ഇപ്രകാരം.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ കൈവശമുള്ളത് കോൽക്കത്തയ്ക്കാണ്. 13 താരങ്ങളെ ടീമിലെത്തിക്കാൻ കോൽക്കത്തയ്ക്ക് 64.30 കോടി രൂപ ചെലവഴിക്കാം. ആറ് വിദേശ താരങ്ങളെയും പരിഗണിക്കാം.
ചെന്നൈ സൂപ്പർ കിംഗ്സ്
അഞ്ച് തവണ ചാന്പ്യന്മാരായ ചെന്നൈയ്ക്ക് 43.40 കോടിയാണ് ബാക്കിയുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ പരമാവധി ഒന്‍പത് താരങ്ങളെ ടീമിലെത്തിക്കാം. മികച്ചൊരു ഓൾറൗണ്ടറെയും പേസറെയും സ്പിന്നറെയും സിഎസ്കെ ലക്ഷ്യമിടുന്നുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
25.50 കോടി. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ 10 താരങ്ങളെ ഹൈദരാബാദിന് സ്വന്തമാക്കാം. മധ്യനിരയിലേക്ക് മികച്ച ബാറ്ററെയും പേസ് ബൗളറെയും ഹൈദരാബാദിന് വേണം.
ലക്നോ സൂപ്പർ ജയന്റ്സ്
22.95 കോടി. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ ആറ് താരങ്ങളെയാണ് പരമാവധി ലക്നോവിന് ടീമിലെത്തിക്കാനാകുക. മികച്ച വിദേശ പേസറെ ലക്നോ ലക്ഷ്യമിടും.
ഡൽഹി ക്യാപിറ്റൽസ്
21.8 കോടി രൂപ. എട്ട് താരങ്ങളെ ടീമിലേക്കെത്തിക്കാം. ഇതിൽ അഞ്ച് വിദേശ താരങ്ങളുമുണ്ട്. മികച്ച ബാറ്റർമാർ ഡൽഹിക്ക് ആവശ്യമുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
നിലവിലെ ചാന്പ്യന്മാരായ ബംഗളൂരുവിന് 16.4 കോടിയാണ് താരങ്ങൾക്കായി ചെലവഴിക്കാനുള്ളത്. മധ്യനിരയ്ക്ക് കരുത്തു കൂട്ടാൻ ഓൾറൗണ്ടറെ എത്തിക്കുന്നതിൽ ടീം കൂടുതൽ പ്രാധാന്യം നൽകുന്നു.
രാജസ്ഥാൻ റോയൽസ്
16.05 കോടി. ഒരു വിദേശ താരം ഉൾപ്പെടെ ഒന്‍പത് താരങ്ങളെ പരമാവധി ടീമിലേക്കെത്തിക്കാൻ രാജസ്ഥാന് സാധിക്കും. സാം കറനും രവീന്ദ്ര ജഡേജയും ടീമിലേക്കെത്തിയത് രാജസ്ഥാന് കരുത്ത് നൽകും. മികച്ച സ്പിന്നർമാരെ ടീമിലെത്തിക്കുകയാണ് രാജസ്ഥാന്റെ പ്രധാന ലക്ഷ്യം.
ഗുജറാത്ത് ടൈറ്റൻസ്
12.9 കോടിയാണുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ അഞ്ച് താരങ്ങളെ ഗുജറാത്തിന് ടീമിലെത്തിക്കാം.
പഞ്ചാബ് കിംഗ്സ്
11.5 കോടിയുണ്ട്. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ നാല് പേരെ ടീമിലെത്തിക്കാം. ഡേവിഡ് മില്ലറെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
മുംബൈ ഇന്ത്യൻസ്
അഞ്ച് തവണ ചാന്പ്യന്മാരാ യ മുംബൈ ഇന്ത്യൻസിന് 2.75 കോടി ചെലവഴിക്കാം. ഒരു വിദേശ താരത്തെ ഉൾപ്പെടെ അഞ്ച് താരങ്ങളെ വരെ പരമാവധി മുംബൈക്ക് ടീമിലേക്ക് എത്തിക്കാം.
إرسال تعليق