ഇപ്പോഴില്ല, തിരഞ്ഞെടുപ്പില്‍ ഒറ്റയാനായി മട്ടന്നൂര്‍
കണ്ണൂർ: സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ അതിനൊപ്പമില്ല.
അവിടെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് ശേഷമാണ് ഇലക്ഷൻ നടക്കാറുള്ളത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ 2020ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മട്ടന്നൂരില്‍ നടന്നത് 2022ല്‍. 2027 സെപ്തംബർ വരെ കാലാവധിയുണ്ട്. അതു കഴിഞ്ഞശേഷമാകും ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.
1990 മുതല്‍ വർഷങ്ങളോളം നീണ്ടുനിന്ന നിയമപ്രശ്നമാണ് മട്ടന്നൂരിനെ ഇത്തരത്തില്‍ വേറിട്ടു നിറുത്തുന്നത്. 1962ല്‍ പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ചാണ് മട്ടന്നൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1990ല്‍ ഇ.കെ.നായനാർ സർക്കാർ മട്ടന്നൂരിനെ നഗരസഭയാക്കി. തുടർന്നു വന്ന കെ.കരുണാകരൻ സർക്കാർ അത് റദ്ദാക്കി വീണ്ടും ഗ്രാമപഞ്ചായത്താക്കി.
തുടർന്നുള്ള നിയമപോരാട്ടത്തില്‍ 1996വരെ പഞ്ചായത്തും നഗരസഭയും അല്ലാത്ത വിധം അനിശ്ചിതത്വത്തില്‍ തുടർന്നു. 1996ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും നഗരസഭയാക്കി. തുടർന്ന് 1997ല്‍ മട്ടന്നൂർ നഗരസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. അതിന് അനുസൃതമായി കാലാവധി പൂർത്തിയാകുന്ന മുറയ്ക്കാണ് തുടർന്നുള്ള തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പില്‍ 35 വാർഡുകളില്‍ എല്‍.ഡി.എഫ് 21 സീറ്റും യു.ഡി.എഫ് 14 സീറ്റും നേടി.
إرسال تعليق