Join News @ Iritty Whats App Group

‘മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നു, ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ല’; ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ

‘മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നു, ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ല’; ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ


ശബരിമലയിൽ ഉണ്ടായ അനിയന്ത്രിത തിരക്കിനെ തുടർന്ന് മടങ്ങി മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് കെ ജയകുമാർ ഉറപ്പ് നൽകി. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണെന്നും തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തിൽ ചെറിയ പ്രശ്നം ഉണ്ടാകുകയായിരുന്നുവെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.

ആദ്യ ദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങൾ പൊതു നന്മ കരുതി കർശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രം ഭക്തർ ശബരിമലയിലേക്ക് വരണം. എല്ലാ ഭാഷകളിലും പരസ്യം നൽകും. മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ വന്നില്ലെന്നും കെ ജയകുമാർ പറഞ്ഞു.

അതേസമയം ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തി. ദേവസ്വം ബോർഡ് പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. തിക്കിത്തിരക്കി ആളുകളെ കയറിയിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു.

പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും ചോദിച്ചു.

പതിനെട്ടാം പടി മുതല്‍ സന്നിധാനം വരെ ഒരേസമയം എത്ര പേര്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. ആളുകളെ സെക്ടറുകളായി തിരിച്ച് നിര്‍ത്തിയാല്‍ കുറച്ചുകൂടി നിയന്ത്രിക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group