Join News @ Iritty Whats App Group

ഓപ്പറേഷൻ സർക്കാർ ചോരി: രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്, 'രേഖാമൂലം പരാതി നൽകണം'


ദില്ലി: ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇന്നലെയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺ​ഗ്രസിനെ തോൽപ്പിക്കാൻ വൻ ​ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുൽ രാ​ഗത്തെത്തിയത്. അതേസമയം, രാഹുൽ ​ഗാന്ധി നടത്തിയ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാനയിലെ വോട്ടര്‍ രം​ഗത്തെത്തി. രാഹുൽ ഗാന്ധി പരാമർശിച്ച 'സ്വീറ്റി' യഥാർത്ഥ വോട്ടറെന്നാണ് റിപ്പോർട്ട്. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തു എന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നതെങ്ങനെ എന്നറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ബ്രസീലിയൻ മോഡലിന്‍റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ടു ചെയ്തിട്ടുണ്ട്. ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടർമാരാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരേ മേൽവിലാസത്തിൽ 66,501 വോട്ടർമാർ വന്നതിലും ക്രമക്കേടില്ലെന്നും ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടു വച്ചവരോ ആണ് വോട്ടർമാർ എന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.

രാഹുലിൻ്റെ ആരോപണം

ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു

ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group