കൊച്ചി:അർജന്‍റീന ടീമിന്‍റെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയം നവീകരണത്തിന് കരാർ ഇല്ലെന്ന് സമ്മതിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. നവംബർ 17നു ഫിഫ അംഗീകാരത്തോടെ അർജന്‍റീനയുടെ മത്സരം നടത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇത്ര പണം ചെലവഴിക്കുന്ന സ്പോൺസർക്കായി ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് മന്ത്രി ന്യായീകരിച്ചു. വിഷൻ 2031 കായിക സെമിനാർ വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം ചട്ടം ലംഘിച്ച് സ്റ്റേഡിയത്തിൽ നിർമ്മിക്കുന്ന ചുറ്റുമതിലിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ രംഗത്ത് വന്നു.
അർജന്‍റീനയും മെസിയും വരുമെന്ന് പ്രഖ്യാപിച്ച നവീകരണത്തിനായി കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോൺസർക്ക് വിട്ടുകൊടുത്ത അന്നുമുതൽ കാരാർ എവിടെ എന്ന് ചോദ്യമുയര്‍ന്നിരുന്നു. ഒടുവിൽ മന്ത്രി തന്നെ പറയുന്നു പ്രത്യേകിച്ച് ഒരു കരാറും ഇല്ലെന്ന്, ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും മുഖ്യമന്ത്രിയും കായിക മന്ത്രിയും എല്ലാം ആയി കത്തിടപാടുകൾ മാത്രമാണ് നടന്നത്. അടുത്ത വിൻഡോയായ മാർച്ചിൽ മെസിയും അർജന്‍റീനയും വരുമെന്ന് അർജന്‍റീന ഫുട്ബോൾ ഫെഡറേഷന്‍റെ ഉറപ്പു ലഭിച്ചതായി മന്ത്രിയെടുത്ത് പറഞ്ഞു.
സ്റ്റേഡിയം നവീകരണത്തിനായി കരാറില്ലെന്ന് കായിക മന്ത്രി തന്നെ തുറന്ന് സമ്മതിക്കുമ്പോൾ മൂന്നു പേർ ഒപ്പിട്ട ഒരു കടലാസ് രേഖയുടെ മാത്രം അടിസ്ഥാനത്തിൽ എങ്ങനെയാണു സർക്കാർ ഉടമസ്‌ഥതയിലു ള്ള ഒരു സ്റ്റേഡിയം ഒരു സ്വകാര്യ കമ്പനിക്കു വിട്ടുകൊടുക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. 70 കോടി ചെലവിട്ടു സ്‌റ്റേഡിയം പുനർനിർമിക്കുന്നു എന്നാണു സ്പോൺസർ ഇടയ്ക്കിടെ പറയുന്നത്. ജിസിഡിഎ ചെയർമാൻ പറയുന്നത് അങ്ങനെയൊരു എസ്‌റ്റിമേറ്റില്ല എന്നാണ്. അപ്പോൾ ആരാണ് എസ്‌റ്റിമേറ്റ് തയാറാക്കിയത്? ഏതു കൺസൽറ്റൻസിയാണു മാസ്‌റ്റർ ഡിസൈൻ ചെയ്തത്?.
സർക്കാരിന്‍റെ സ്‌റ്റേഡിയം ആരാണ് നവീകരിക്കുന്നതെന്നും അതെക്കുറിച്ചൊരു കണക്കും സർക്കാരിന്‍റെ പക്കൽ ഇല്ല എന്നുമാണോ. എങ്കിൽ വീഴ്ച്ച എത്രത്തോളം ആഴത്തിലാണ്. അതിനിടെ സ്റ്റേഡിയത്തിന് ചുറ്റുമതിൽ കെട്ടിയത് കാരണക്കോടം തോടിന്‍റെ സംരക്ഷണഭിത്തിക്ക് മുകളിലാണെന്ന് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം കണ്ടെത്തിയിട്ടും നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകാത്തത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. സബ് കോർപ്പറേഷൻ സെക്രട്ടറിയുടെ ക്യാബിനു മുന്നിൽ ഉപരോധം സംഘടിപ്പിച്ചു
إرسال تعليق