Join News @ Iritty Whats App Group

മുനമ്പം സമരം അവസാനിപ്പിക്കാനിരിക്കെ സമര സമിതിയിൽ ഭിന്നത; നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് ബിജെപി

മുനമ്പം സമരം അവസാനിപ്പിക്കാനിരിക്കെ സമര സമിതിയിൽ ഭിന്നത; നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് ബിജെപി


കൊച്ചി: മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. മന്ത്രി പി രാജീവ് സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കി നാളെ സമരം അവസാനിപ്പിക്കുമെന്നായിരുന്നു ഭൂസംരക്ഷണ സമിതി കോര്‍ കമ്മിറ്റിയുടെ പ്രഖ്യാപനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന ആരോപണവുമായി സമര സമിതിയിലെ ബിജെപി അനുകൂലികള്‍ നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.

രാജ്യം ശ്രദ്ധിക്കുന്ന രാഷ്ട്രീയ സമരമായി മുനമ്പം ഭൂസമരം വളര്‍ന്നിരുന്നെങ്കിലും സമര സമിതിയിലിതുവരെ രാഷ്ട്രീയ ഭിന്നതകളൊന്നും പ്രകടമായിരുന്നില്ല. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാര്‍ക്ക് ഭൂ നികുതി അടയ്ക്കാമെന്ന ഹൈക്കോടതി തീരുമാനത്തിനു പിന്നാലെയാണ് സമരസമിതിയിലെ അഭിപ്രായ ഭിന്നതകള്‍ പ്രകടമായത്. കരമടയ്ക്കാനുളള അവകാശം പുനസ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാമെന്ന അഭിപ്രായത്തിലേക്ക് സമര സമിതിയിലെ ഭൂരിപക്ഷം പേരും എത്തി. അങ്ങനെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നിയമമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

സമരസമിതി നേതൃത്വം സംസ്ഥാന സര്‍ക്കാരിനോട് അടുക്കുന്നെന്ന് വ്യക്തമായതോടെയാണ് സമര സമിതിയിലെ ബിജെപി അനുഭാവികള്‍ അതൃപ്തി പരസ്യമാക്കിയത്. വഖഫ് ബോര്‍ഡിന്‍റെ ലാന്‍ഡ് രജിസ്ട്രിയില്‍ നിന്ന് 615 കുടുംബങ്ങളുടെ ഭൂമി ഒഴിവാക്കും വരെ പ്രതിഷേധം തുടരുമെന്നാണ് വിമത പക്ഷത്തിന്‍റെ നിലപാട്.

സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി സമര സമിതിയെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അവസാന ഘടത്തില്‍ ഈ നീക്കം പാളി. കരമടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ ചുവടുപിടിച്ച് സമര സമിതിയെ ഒപ്പം നിര്‍ത്താനുളള സിപിഎം നീക്കം ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. 413 ദിവസം നീണ്ട ഭൂസമരം നാളെ അവസാനിക്കുകയാണെങ്കിലും മുനമ്പത്തെ രാഷ്ട്രീയ വിവാദം തുടരുമെന്ന് ചുരുക്കം.

Post a Comment

أحدث أقدم
Join Our Whats App Group