Join News @ Iritty Whats App Group

'പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്'; മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ

'പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്'; മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ


തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂര്‍ ജാമ്യഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നിൽ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യയാണെന്നും ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഫെയ്സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാൽ, ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുൽ ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഗൂഢാലോചനയുടെ ഭാഗമായി റെക്കോഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻ‌കൂർ ജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക

പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ട്. അതിന് തെളിവുകളുമുണ്ടെന്നും മുഖ്യമന്ത്രിയക്ക് പരാതി നൽകിയത് രാഷ്ട്രീയ താൽപ്പര്യത്തോടെയാണെന്നും രാഹുൽ വാദിക്കുന്നു. ഗർഭചിദ്രം നടത്തിച്ചെന്ന വാദം നിലനിൽക്കില്ലെന്നും പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചതെന്നും പരാതിക്കാരി ഗര്‍ഭിണിയാണെന്ന വാദം അംഗീകരിച്ചാൽ തന്നെ അതിന്‍റെ ബാധ്യത ഭര്‍ത്താവിനാണെന്നും രാഹുലിന്‍റെ ജാമ്യ ഹര്‍ജിയിൽ പറയുന്നു.തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുൽ മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്‍റെ വാദം. പൊലീസിന്‍റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുൽ ഹര്‍ജിയിൽ പറയുന്നു.

കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് ആയിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. ഡിസിപിയും ഒരു അസി. കമ്മീഷണറും ഉള്‍പ്പെട്ട അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തികൊണ്ടുള്ള ഉത്തരവ് വൈകിട്ടോടെയിറങ്ങും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള നേമം പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേമം സ്റ്റേഷൻ പരിധിയിൽ വെച്ചാണ് കുറ്റകൃത്യം നടന്നതെന്നതിനാലാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാഹുലിനായി അന്വേഷണം ഊര്‍ജിതം, ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി

ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. രാഹുലിനെതിരെ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍ ഇറക്കിയത്. യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. അടൂരിലെ വ്യാപാരിയായ സുഹൃത്ത് വഴിയാണ് രാഹുൽ ഗര്‍ഭഛിദ്ര ഗുളിക എത്തിച്ചതെന്നാണ് യുവതിയുടെ മൊഴി. രാഹുലിനൊപ്പം സുഹൃത്തായ അടൂരിലെ വ്യാപാരി ജോബി ജോസഫിനെയും കേസിൽ പ്രതിചേര്‍ത്തിട്ടുണ്ട്. നിര്‍ബന്ധിത ഗര്‍ഭഛിത്രം, ബലാത്സംഗം, കഠിനമായ ദഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 2025 മാര്‍ച്ച മുതൽ പീഡിപ്പിച്ചെന്നും യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലിൽ പകര്‍ത്തിയെന്നും ഗര്‍ഭിണിയായശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വെച്ചും ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെയുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group