Join News @ Iritty Whats App Group

'രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു'; നിശിത വിമർശനവുമായി ശശി തരൂരിൻ്റെ ലേഖനം

ദില്ലി: രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. കുടുംബമഹിമയ്ക്കല്ല, മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കുടുംബ മഹിമ അടിസ്ഥാനമാക്കി അധികാരം നിർണയിക്കുമ്പോൾ ഭരണത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രോജക്ട് സിൻ്റിക്കേറ്റിൽ ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് എതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ് എന്ന തലക്കെട്ടിലാണ് ലേഖനം. കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബമെന്ന പോലെ രാഷ്ട്രീയ രംഗത്താകെ ഈ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ട് എന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും വേണ്ടുവോളമുണ്ടെന്നും ഇത് അധികാരത്തിലിരുന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയ കുടുംബങ്ങളിലെ അംഗങ്ങൾ സാധാരണക്കാർ നേരിടുന്ന വെല്ലുവിളികൾ നേരിടുന്നവരല്ല. അതിനാൽ തന്നെ അവർക്ക് തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലെ ആവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ സാധിക്കാറില്ല. എങ്കിലും അവരുടെ മോശം പ്രവർത്തനം വേണ്ട വിധം വിലയിരുത്തപ്പെടാറില്ലെന്നും ശശി തരൂർ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ രാഷ്ട്രീയ രംഗത്ത് കുടുംബവാഴ്ച അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. അധികാരത്തിൽ നിർബന്ധമായ കാലാവധി പരിധി ഏർപ്പെടുത്തുന്നത് മുതൽ പാർട്ടികളുടെ തലപ്പത്ത് തിരഞ്ഞെടുപ്പ് നിർബന്ധമാക്കുന്നതും കഴിവിൻ്റെ അടിസ്ഥാനത്തിൽ നേതാക്കളെ തെരഞ്ഞെടുക്കാൻ അണികളെ ബോധവത്കരിക്കുകയും വേണം. ഇന്ത്യൻ രാഷ്ട്രീയം കുടുംബ സംരംഭമായി തുടരുന്നിടത്തോളം ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.

ഒഡിഷയിൽ ബിജു പട്‌നായ്‌കിന് ശേഷം ജനതാദളിൻ്റെ അമരത്തേക്കും പിന്നീട് സ്വന്തം പാർട്ടി രൂപീകരിച്ച് മുഖ്യമന്ത്രി പദത്തിലേക്കുമെത്തിയ നവീൻ പട്‌നായ്‌കിൻ്റെ കാര്യം അദ്ദേഹം ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയുടെ ബാൽ താക്കറെയിൽ നിന്ന് തുടങ്ങി ഉദ്ദവ് താക്കറേയിലൂടെ ആദിത്യ താക്കറേയിലെത്തി നിൽക്കുന്ന വംശപരമ്പരയും, സമാജ്‌വാദി പാർട്ടിയുടെ തലപ്പത്ത് മുലായം സിങിൽ നിന്നും നിയന്ത്രണം ഏറ്റെടുത്ത അഖിലേഷ് യാദവും ബിഹാറിലെ ലോക് ജനശക്തി പാർട്ടിയുടെ നിയന്ത്രണം പിതാവ് രാം വിലാസ് പാസ്വാന് ശേഷം ഏറ്റെടുത്ത ചിരാഗ് പാസ്വാനും ഇതേ രീതിയിലാണ് അധികാരം കയ്യാളുന്നതെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് - പിഡിപി പാർട്ടികളിലും പഞ്ചാബിലെ ശിരോമണി അകാലി ദൾ പാർട്ടിയിലും തെലങ്കാനയിലെ ബിആർഎസിലും തമിഴ്‌നാട്ടിൽ ഡിഎംകെയിലും ഇതേ സ്ഥിതിവിശേഷമെന്ന് അദ്ദേഹം പറയുന്നു. ഗ്രാമപഞ്ചായത്തുകളിൽ നിന്ന് തുടങ്ങി പാർലമെൻ്റ് വരെ നീളുന്നതാണ് ഇന്ത്യയിലെ അധികാരത്തിലെ കുടുംബവാഴ്ചയെന്നും അദ്ദേഹം വിമർശിക്കുന്നു. ഈ പ്രതിഭാസം ചുരുക്കം ചില പ്രമുഖ കുടുംബങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിൽ 149 കുടുംബങ്ങളിൽ നിന്നുള്ള ഒന്നിലധികം പേരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 11 കേന്ദ്ര മന്ത്രിമാരും ഒമ്പത് മുഖ്യമന്ത്രിമാരും കുടുംബ ബന്ധമുള്ളവരാണ്. 70% വനിതാ എംപിമാരും കുടുംബപരമായി രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു. മമത ബാനർജി, മായാവതി തുടങ്ങിയ രാഷ്ട്രീയക്കാർ പോലും തങ്ങളുടെ അനന്തരവന്മാരെയാണ് പിൻഗാമികളായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Post a Comment

أحدث أقدم
Join Our Whats App Group