എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
കണ്ണൂർ: തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതിന് മുമ്ബ് ചില സീറ്റുകളില്‍ സി.പി.എം എതിരില്ലാ ജയം ഉറപ്പിക്കുന്ന ജില്ലയാണ് കണ്ണൂർ.
ഇത്തവണയും നാമനിർദേശികപത്രിക പിൻവലിക്കേണ്ട നവംബർ 24ന് മൂന്ന് തദ്ദേശസ്ഥാപനങ്ങളിലെ 14 വാർഡുകളില്‍ സി.പി.എം സ്ഥാനാർഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനപിന്തുണയാണ് ഈ ജയത്തിന് പിന്നിലെന്ന് സി.പി.എം ഊറ്റംകൊള്ളുമ്ബോള്‍ കൈക്കരുത്തില്‍ ജനാധിപത്യത്തെ കശാപ്പുചെയ്തു നേടിയ വിജയമെന്നാണ് യു.ഡി.എഫ് ആരോപണം. കഴിഞ്ഞതവണ 18 ഇടത്താണ് എല്‍.ഡി.എഫ് ഇങ്ങനെ എതിരില്ലാ ജയം നേടിയത്.
എന്നാല്‍, ഇത് ജനാധിപത്യവിരുദ്ധമെന്നും ഏകപക്ഷീയ ജയം അംഗീകരിക്കരുതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു സ്ഥാനാർഥിയിലും തൃപ്തരല്ലെങ്കില്‍ വോട്ടർമാർക്ക് അതും പ്രകടിപ്പിക്കാം. ആ ഒരു സമ്മതിദാനാവകാശത്തിനായാണ് വോട്ടിങ് മെഷിനില്‍ 'നോട്ട'യ്ക്കും ഇടം ലഭിച്ചത്. ഒരു സ്ഥാനാർഥിയാണെങ്കില്‍ പോലും എതിരില്ലാ ജയത്തിന് അർഹതയില്ലെന്നും ഈ സ്ഥാനാർഥിയോട് ആഭിമുഖ്യമില്ലാത്തവർക്ക് നിഷേധവോട്ടിനുള്ള അവസരം നിഷേധിക്കരുതെന്നുമാണ് പാല സെന്റർ ഫോർ കണ്‍സ്യൂമർ എജ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജെയിംസ് വടക്കൻ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം പരാതിയും നല്‍കി.
കണ്ണൂരിലെ ആന്തൂർ നഗരസഭയിലെയും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലെയും 14 വാർഡുകളില്‍ സി.പി.എം സ്ഥാനാർഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ചൊദ്യംചെയ്തുകൊണ്ടുള്ളതാണ് ജെയിംസ് വടക്കന്റെ പരാതി. 'നോട്ട' സാങ്കല്‍പ്പിക സ്ഥാനാർഥി ആണെന്നും ഒരു വാർഡില്‍ ഒരാള്‍ മാത്രം മത്സരിച്ചാലും നോട്ടയെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം. സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങള്‍ മുൻനിർത്തിയാണ് കമ്മിഷന് പരാതി നല്‍കിയത്.
إرسال تعليق