തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും നിശബ്ദം; കണ്ണൂര്‍ കന്റോണ്‍മെന്റും തദ്ദേശ തിരഞ്ഞെടുപ്പും
കണ്ണൂർ: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവം ഉയരുമ്ബോഴും, അതില്‍ പങ്കുചേരാത്ത ഒരു പ്രദേശമുണ്ട് കണ്ണൂരിന്റെ ഹൃദയഭാഗത്ത്.
കോർപ്പറേഷനോട് ചേർന്ന് കിടക്കുന്ന, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂർ കന്റോണ്‍മെന്റ് പ്രദേശം സംസ്ഥാനത്തെ ഏക കന്റോണ്‍മെന്റാണ്.
കന്റോണ്‍മെന്റ് നിവാസികള്‍ക്ക് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം ഉണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ കഴിയില്ല. ഏകദേശം 449.44 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ മേഖലയില്‍ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 4798 പേരാണ് താമസിക്കുന്നത്.
കന്റോണ്‍മെന്റുകള്‍ക്ക് അഞ്ചുവർഷത്തിലൊരിക്കല്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ഇവിടെ ആറ് ഇലക്ടറല്‍ വാർഡുകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് കന്റോണ്‍മെന്റ് ബോർഡ്. മിലിട്ടറി കമൻഡന്റാണ് ബോർഡിന്റെ പ്രസിഡന്റ്. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകളെല്ലാം ബോർഡ് നിർവഹിക്കുമെങ്കിലും സംസ്ഥാന സർക്കാരുമായി നേരിട്ട് ബന്ധമില്ല. വസ്തു, തൊഴില്‍ നികുതികളും കേന്ദ്ര ഗ്രാൻഡുകളും മാത്രമാണ് വരുമാന സ്രോതസ്സ്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം ലഭ്യമല്ല.
കന്റോണ്‍മെന്റിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത് 2015-ലാണ്. 2020-ല്‍ കാലാവധി അവസാനിച്ച ബോർഡിന് ഒരു വർഷം കൂടി നീട്ടി നല്‍കിയിരുന്നു. 2023-ല്‍ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപടികള്‍ പിന്നീട് നിർത്തിവെച്ചു. കന്റോണ്‍മെന്റുകളെ അതത് സംസ്ഥാന സർക്കാരുകള്‍ക്ക് കീഴിലാക്കാനോ സമീപ കോർപ്പറേഷനില്‍ ലയിപ്പിക്കാനോ ഉള്ള ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
തെരഞ്ഞെടുപ്പ് ഇല്ലാത്ത മട്ടന്നൂർ നഗരസഭ
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാത്ത ഏക നഗരസഭയും കണ്ണൂരിലെ മട്ടന്നൂരാണ്. തിരഞ്ഞെടുപ്പ് സമയക്രമത്തില്‍ വന്ന വ്യത്യാസമാണ് കാരണം. 2022-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് ഇനിയും രണ്ടുവർഷം കൂടി കാലാവധിയുണ്ട്. ഭരണപരമായ മാറ്റങ്ങള്‍ കാരണം മട്ടന്നൂർ നഗരസഭയുടെ തിരഞ്ഞെടുപ്പ് നേരത്തെ മുതല്‍ സംസ്ഥാനത്തെ മറ്റ് നഗരസഭകളില്‍ നിന്ന് വ്യത്യസ്തമായ സമയത്താണ് നടക്കുന്നത്.
إرسال تعليق