Join News @ Iritty Whats App Group

മുസ്ലിംകൾക്കെതിരായ ആക്രമണത്തിൽ വർദ്ധന, ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ബ്രിട്ടനിലെ എംപിമാർ

ബ്രിട്ടൻ: ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ എംപിമാർ. നാൽപതോളം ലേബർ, സ്വതന്ത്ര എംപിമാരാണ് ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്. മുസ്ലിംകൾക്കെതിരായ ആക്രമണത്തിൽ വലിയ രീതിയിലെ വർദ്ധനവുണ്ടെന്നത് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് എംപിമാരുടെ കത്ത്. മുസ്ലിം വിരുദ്ധ വിദ്വേഷത്തിന്റെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗസിംഗ് സെക്രട്ടറി സ്ലീവ് റീഡിന് കത്ത് നൽകിയവരിൽ ലേബർ എംപിമാരായ ഡയാൻ അബോട്ട്, ഡോൺ ബട്‌ലർ, കിം ജോൺസൺ, സ്വതന്ത്ര എംപി ആൻഡ്രൂ ഗ്വിൻ എന്നിവരുൾപ്പെടെ നാൽപ്പതോളം എംപിമാരുണ്ട്.

2025 ൽ മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 45 ശതമാനം മുസ്ലീങ്ങൾക്ക് നേരെയായിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 19 ശതമാനം കൂടുതലാണ് എന്നാണ് എംപിമാർ കത്തിൽ പറയുന്നത്. 2023 മുതൽ ഇസ്ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങൾ 92 ശതമാനം വർദ്ധിച്ചുവെന്നും സർക്കാർ ഒരു നിർവചനം സ്വീകരിക്കുന്നത് എക്കാലത്തേക്കാളും നിലവിൽ പ്രാധാന്യമർഹിക്കുന്നുവെന്നും എംപിമാർ കത്തിൽ ആവശ്യപ്പെടുന്നു. നേരത്തെ ഫെബ്രുവരി മാസത്തിൽ മുസ്ലീങ്ങളെയോ മുസ്ലീമാണെന്ന് കരുതപ്പെടുന്ന ആരെയും ലക്ഷ്യം വച്ചുള്ള അസ്വീകാര്യമായ പെരുമാറ്റം, മുൻവിധി, വിവേചനം, വെറുപ്പ് എന്നിവ നിർവചിക്കുന്നതിനായി സർക്കാർ വർക്കിംഗ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.

2010 നും 2014 നും ഇടയിൽ ഇംഗ്ലണ്ടിനും വെയിൽസിലും അറ്റോർണി ജനറലായിരുന്ന ബാരിസ്റ്റർ ഡൊമിനിക് ഗ്രീവ് കെ സിയാണ് മുസ്ലീം വിരുദ്ധ വിദ്വേഷം, ഇസ്ലാമോഫോബിയ നിർവചനത്തെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ അധ്യക്ഷൻ. ബ്രിട്ടീഷ് മുസ്ലീം നെറ്റ്‌വർക്കിന്റെ സഹ അധ്യക്ഷയായ അകീല അഹമ്മദ്, ക്രോസ് ബെഞ്ച് പിയർ ഷൈസ്ത ഗോഹിർ തുടങ്ങിയ വിദഗ്ധരും അക്കാദമിക് വിദഗ്ധരും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇസ്ലാമിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തെയും സംസാര സ്വാതന്ത്ര്യത്തെയും ഈ നിർവചനം പരിമിതപ്പെടുത്തുമെന്നാണ് വിമർശകർ നിരീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group