തിരുവനന്തപുരം: എസ് ഐ ആറിനെതിരായ തുടർ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകിട്ട് ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. വൈകീട്ട് നാലരക്കാണ് യോഗം ചേരുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം യോഗത്തിൽ പങ്കെടുക്കും. എസ് ഐ ആറിനെതിരെ എൽ ഡി എഫും യു ഡി എഫും യോജിച്ചുള്ള നിയമ - രാഷ്ട്രീയ പോരിന് തീരുമാനമെടുക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ ബ്ലാങ്ക് ചെക്ക് നൽകിയെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്. എസ് ഐ ആറിനെ ഏതൊക്കെ നിലയിൽ എതിർക്കണം എന്ന കാര്യത്തിലടക്കം ഇന്നത്തെ സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ബി എൽ ഒ മാർ വീടുകളിൽ
അതേസമയം എസ് ഐ ആറുമായി മുന്നോട്ട് പോകണമെന്നാണ് ബി ജെ പി നിലപാട്. ഇന്നത്തെ സർവകക്ഷി യോഗത്തിലും ബി ജെ പി ഇക്കാര്യം വ്യക്തമാക്കും. അതേസമയം പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് ഇന്നലെ മുതൽ എസ് ഐ ആറിന്‍റെ ഔദ്യോഗിക നടപടികൾ സുഗമമായി തുടങ്ങിയിട്ടുണ്ട്. ബി എൽ ഒ മാർ വീടുകളിലെത്തി ഫോമുകൾ നൽകുന്ന നടപടി ഇന്നും തുടരും. ഇടത് ആഭിമുഖ്യമുള്ള പ്രമുഖരുടെയടക്കം വീടുകളിൽ എത്തിയുള്ള ബി എൽ ഒ മാരുടെ പ്രചരണം എസ് ഐ ആറിന് ഗുണം ചെയ്യുമെന്നാണ് കേന്ദ്രത്തിന്‍റെ പ്രതീക്ഷ.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് മന്ദഗതിയിലായി
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തിരക്കുകാരണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രവർത്തനം മന്ദഗതിയിലായി. പേര് ചേർക്കാനും സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകുന്നവർ ഒരുമിച്ച് ഓൺലൈനിൽ എത്തിയതോടുകൂടിയാണ് വെബ്സൈറ്റിന്റെ പ്രവർത്തനം മന്ദഗതിയിൽ ആയത്. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരും സൈറ്റ് സെർച്ച് ചെയ്തതോടെ കൂടുതൽ പ്രശ്നത്തിലായി. വോട്ട് ചേർക്കാനുള്ള സമയപരിധി നാളെ വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വോട്ടുചേർക്കാനുള്ള സമയം ഇനി നീട്ടില്ലെന്നാണ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.
Post a Comment