Join News @ Iritty Whats App Group

തിരക്കിട്ട നീക്കങ്ങളുമായി പൊലീസ്, ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണം, അറസ്റ്റ് ചെയ്യാൻ ഊര്‍ജിത നീക്കം

തിരക്കിട്ട നീക്കങ്ങളുമായി പൊലീസ്, ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണം, അറസ്റ്റ് ചെയ്യാൻ ഊര്‍ജിത നീക്കം


തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. പരാതിക്കാരിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പൊലീസ് മഹസ്സർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമര്‍പ്പിച്ചിരുന്നു. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് കോടതിയിൽ നൽകിയത്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയതെന്നാണ് വിവരം. ബലാത്സംഗ നടന്നെന്ന് പറയുന്ന കാലഘട്ടത്തിൽ ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം.

കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടുവെന്ന് അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് തള്ളുകയാണ്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടുവെന്നാണ് പറയുന്നത്. രാഹുൽ ഒപ്പിട്ട മുൻകൂര്‍ ജാമ്യ ഹര്‍ജിയുടെ പകര്‍പ്പും പുറത്തുവന്നിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലുള്ള രാഹുലിനായി കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണം ഊര്‍ജിതമാണ്. രാഹുൽ എവിടെയാണെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. രാഹുലിനെ പിടികൂടാൻ നേരത്തെ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കുലര്‍ ഇറക്കിയത്.

പ്രതികരണവുമായി ശശി തരൂർ

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ ശശി തരൂര്‍ എംപി പ്രതികരിച്ചു. ആരാപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കുമെന്നും ചിലര്‍ തുടരുമെന്നും അത് ഒരോരുത്തരുടെയും മനസാക്ഷിയുടെ വിഷയമാണെന്നുമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. കൂടുതൽ രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്നും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഒരു മുഖം വേണമെന്നും മറ്റു മുന്നണികള്‍ക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ കാണിക്കാൻ ആളുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group