മോദിയെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ, സ്വന്തം കാര്യം വന്നപ്പോൾ ഒന്നും ഏറ്റില്ല, വലിയ പരാജയമേറ്റുവാങ്ങി പ്രശാന്ത് കിഷോർ
ദില്ലി: പല നേതാക്കളെയും തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച പ്രശാന്ത് കിഷോർ സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയപ്പോൾ ഒരുസീറ്റ് പോലും നേടാനാകാതെ പോരാട്ടം അവസാനിപ്പിച്ചു. ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷയിൽ തന്നെ വൻ പരാജയമാണ് പ്രശാന്ത് കിഷോർ നേരിട്ടത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രജ്ഞനെന്ന് പേരുകേട്ട പ്രശാന്തിന്റെ ഉപദേശവും സഹായവും തേടാത്ത രാഷ്ട്രീയ നേതാക്കൾ ഉത്തരേന്ത്യയിൽ കുറവാണ്. എന്നാൽ, സ്വന്തം തന്ത്രങ്ങൾ സ്വന്തം മത്സരത്തിൽ അമ്പേ പരാജയപ്പെട്ടു
ബീഹാറിൽ മൂന്നാം മുന്നണിയായും രാഷ്ട്രീയ ബദലായും ഉയർത്തിക്കാട്ടപ്പെട്ട അദ്ദേഹത്തിന്റെ ജൻ സുരാജ് പാർട്ടിക്ക് കോൺഗ്രസിനെപ്പോലെ ദയനീയ പരാജയം ഏറ്റുവാങ്ങി. നേരത്തെ പ്രശാന്ത് കിഷോർ 10 ൽ താഴെ സീറ്റുകൾ അല്ലെങ്കിൽ 150 ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് പറഞ്ഞിരുന്നു. 10 ൽ താഴെ സീറ്റുകൾ എന്നത് പൂജ്യമാകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. പല ജൻ സുരാജ് സ്ഥാനാർത്ഥികളും വളരെ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. പലർക്കും കെട്ടിവച്ച തുക നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
2012 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വിജയ പ്രചാരണത്തിന് രൂപം നൽകിയതോടെ കിഷോർ ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയത്. അക്കാലത്ത്, തിരഞ്ഞെടുപ്പുകൾക്കുള്ള രാഷ്ട്രീയ കൺസൾട്ടൻസി അത്ര സാധാരണമായിരുന്നില്ല. ബിജെപി വൻ വിജയം നേടിയതോടെ കിഷോർ ശ്രദ്ധാകേന്ദ്രമായി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി ടീം കിഷോറിന്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ചു. മോദി തരംഗത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തി.ബിഹാറിലെ മഹാഗഡ്ബന്ധൻ പ്രചാരണത്തിലും പ്രശാന്ത് തന്ത്രമോതി. നിതീഷ് കുമാർ-ലാലു യാദവ് സഖ്യം മിന്നുന്ന വിജയം നേടിയപ്പോൾ അദ്ദേഹം വീണ്ടും താരമായി.
2017 ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ, അന്ന് കോൺഗ്രസിൽ അംഗമായിരുന്ന അമരീന്ദർ സിങ്ങിനെ വിജയത്തിലേക്ക് നയിച്ചത് കിഷോറായിരുന്നു. പിന്നീട് വൈഎസ്ആർസിപിയുടെ ജഗൻ മോഹൻ റെഡ്ഡിയെ സഹായിക്കുകയും 2021-ൽ തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെക്കും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെയും സഹായിച്ചു. ഇരു പാർട്ടികൾക്കും വലിയ വിജയം നേടാൻ കഴിഞ്ഞു.
2018 ൽ കിഷോർ ജെഡിയുവിൽ ചേർന്നപ്പോൾ നിതീഷ് കുമാർ അദ്ദേഹത്തെ ജെഡിയുവിന്റെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിയു ബിജെപിയുമായി സഖ്യമുണ്ടാക്കി 16 സീറ്റുകൾ നേടി. എന്നിരുന്നാലും, ജെഡിയുവിൽ കിഷോർ അധിക കാലം തുടർന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ നിതീഷ് കുമാർ പിന്തുണച്ചതിനെ അദ്ദേഹം പരസ്യമായി വിമർശിച്ചതാണ് ജെഡിയുവിൽ നിന്ന് പുറത്തുപോകാൻ കാരണം. പിന്നീട് അദ്ദേഹം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് ശേഷം അദ്ദേഹം ജൻ സുരാജ് പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു. 2025 ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ജൻ സുരാജ് പാർട്ടി തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ ദിവസം ചിത്രം നേരെ മറിച്ചായിരുന്നു. ജാൻ സുരാജിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. തോൽവിയെക്കുറിച്ച് പ്രശാന്ത് കിഷോർ പ്രതികരിച്ചിട്ടില്ല.
Post a Comment