പാലക്കാട്: വർക്കലയിൽ ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ട്രെയിനിൽ സുരക്ഷയില്ലെന്നും അവർ പറഞ്ഞു. ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിലും ജനറൽ കമ്പാർട്ട്മെന്റിലും സുരക്ഷയില്ല. സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു. സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത്. ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ഇനി ആർക്കും ഈ ഗതി ഉണ്ടാകരുതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം വർക്കലയിൽ വെച്ചാണ് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. സംഭവത്തിൽ സുരേഷ് കുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലായിരുന്നു സംഭവം ഉണ്ടായത്. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. പിന്നിൽ നിന്നുമാണ് ചവിട്ടിയത്.
إرسال تعليق