Join News @ Iritty Whats App Group

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം, എതിര്‍ത്ത് ബിജെപി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തിൽ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാൻ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതിൽ നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എസ്ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ് ഐ ആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

പി സി വിഷ്ണുനാഥ് (കോണ്‍ഗ്രസ് ഐ), സത്യന്‍ മൊകേരി (സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎല്‍), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി തോമസ് (ജനതാദള്‍ സെക്യുലര്‍), തോമസ് കെ തോമസ് (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍ (ആര്‍എസ്പി ലെനിനിസ്റ്റ്) കെ ആര്‍ ഗിരിജന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), കെ സുരേന്ദ്രന്‍ (ബിജെപി), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്‍റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group