ട്രെയിനുകളിലെ അതിക്രമത്തിനെതിരെ അതിജാഗ്രത; സ്റ്റേഷനുകളിൽ ബ്രെത്തലൈസറുകളുമായി പൊലീസ്
കണ്ണൂർ: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് വിദ്യാർത്ഥിനിയെ തള്ളിയിട്ടതിന് പിന്നാലെ റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധന കർശനമാക്കി അധികൃതർ.
ആർ.പി.എഫ്, റെയില്‍വേ ഉദ്യേഗസ്ഥർ, സംസ്ഥാന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും സിറ്റി ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും ഉള്‍പ്പെട്ട സംഘമാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയും പരിശോധന തുടർന്നത്.
മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ബ്രെത്തലൈസർ പരിശോധനകള്‍ ഊർജിതമാണ്. മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ യാത്ര വിലക്കുകയാണ് സംഘം. റെയില്‍വെ പാഴ്സല്‍ ഓഫീസ്, സ്റ്റേഷൻ പരിസരം, സ്റ്റാളുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെയും സ്റ്റേഷനില്‍ അലഞ്ഞ് തിരിയുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. മദ്യപിച്ചതായി തെളിഞ്ഞാല്‍ സ്റ്റേഷനുകളില്‍ കിടന്നുറങ്ങാനും അനുവദിക്കുന്നില്ല. പരിശോധനയ്ക്ക് പുറമെ സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തില്‍ ബോധവത്ക്കരണവും നടക്കുന്നുണ്ട്.
മദ്യപിച്ചതായി കണ്ടെത്തിയാല്‍ കർശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആർ.പി.എഫ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മദ്യപിച്ചെത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ താക്കീത് ചെയ്ത് വിട്ടിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെയും നടപടിയുണ്ട്.
റെയില്‍വേ സ്റ്റേഷനുകളില്‍ സംസ്ഥാന പൊലീസും
ആർ.പി.എഫിന്റെ പരിശോധനയ്ക്ക് പുറമെ സംസ്ഥാന പൊലീസും സ്റ്റേഷനുകള്‍ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ അതത് പരിധിയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇതിനായി ലീവിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഉടൻ ജോലിയില്‍ പ്രവേശിക്കാനും നിർദ്ദേശം നല്‍കിയിരുന്നു.
ട്രെയിനിലും പരിശോധന
ട്രെയിനുകള്‍ക്കകത്തും പൊലീസ് പരിശോധനയുണ്ട്. കണ്ണൂരും സമീപപ്രദേശങ്ങളിലും അടുത്തിടെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും ട്രെയിനിനകത്തും അക്രമസംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ആർ.പി.എഫ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റിരുന്നു. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തുന്നതിന് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ജോലി സമയവും താല്‍ക്കാലികമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
പരിശോധനകള്‍ നല്ലതാണ്. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും കുറച്ച് കാലം കഴിയുമ്ബോള്‍ പരിശോധനകളെല്ലാം നിലയ്ക്കും വീണ്ടും പഴയപടിയാകും. സ്തീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയണമെന്നത് മാത്രമാണ് ആവശ്യം. ഇനിയും അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കണം. അതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എൻ.കെ അശ്വതി -(ട്രെയിനിലെ സ്ഥിരയാത്രക്കാരി)
Post a Comment