കല്‍പ്പറ്റ: സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷന്‍ സൈ ഹണ്ടി'ന്റെ ഭാഗമായി ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന നടത്തിയതില്‍ കുടുങ്ങിയത് നിരവധി യുവാക്കള്‍. സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവുമധികം സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നല്‍കി.
ഇതുമായി ബന്ധപ്പെട്ട് 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായവരും, കമ്മീഷന്‍ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ നല്‍കിയവരും പിടിയിലായവരില്‍ ഉള്‍പ്പെടും. തട്ടിപ്പ് പണം ചെക്ക് വഴി പിന്‍വലിച്ചവര്‍, എ.ടി.എം വഴി പിന്‍വലിച്ചവര്‍, അക്കൗണ്ടുകള്‍ തട്ടിപ്പുസംഘങ്ങള്‍ക്ക് വാടകക്ക് കൊടുത്തവര്‍, വില്‍പന നടത്തിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പൊലീസ് സൈബര്‍ വിങ്ങിന്റെ നിരീക്ഷണം തുടരും. തട്ടിപ്പുസംഘങ്ങളുടെ വലയില്‍പ്പെട്ട് പോകുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണെന്ന് കാര്യവും അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.
Post a Comment