മദ്യലഹരിയില്‍ ട്രെയിൻ യാത്ര വേണ്ട: റെയില്‍വെ സ്റ്റേഷനുകളില്‍ 24 മണിക്കൂര്‍ ആല്‍ക്കോ മീറ്റര്‍ പരിശോധന; കുറ്റകൃത്യങ്ങളില്‍ വലിയ കുറവ്
കണ്ണൂർ: മദ്യപിച്ച് ട്രെയിനില്‍ കയറി യാത്രചെയ്യുന്നവരെ പിടികൂടാനായി റെയില്‍വെ പോലീസും സംസ്ഥാന റെയില്‍വെ പോലീസും (ജി.ആർ.പി) ആർ.പി.എഫും ( റെയില്‍വെ സംരക്ഷണ സേന) ചേർന്ന് 'ഓപ്പറേഷൻ രക്ഷിത' എന്ന പേരില്‍ 24 മണിക്കൂർ റെയ്ഡ് ഊർജ്ജിതമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയില്‍വെ പരിസരത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുമാണ് ഈ കർശന നടപടി.
ആല്‍ക്കോ മീറ്റർ പരിശോധന ട്രെയിനുകളില്‍
കണ്ണൂർ റെയില്‍വെ പോലീസിന് കീഴില്‍ തലശേരി, പയ്യന്നൂർ എന്നിവിടങ്ങളിലെ ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമാണ് 24 മണിക്കൂറും ആല്‍ക്കോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യാനായി എത്തുന്നവരുടെ ശരീരഭാഷയും പ്രവൃത്തികളും നിരീക്ഷിച്ചാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്. മദ്യപാനം യാത്രക്കാർക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക പരിശോധന.
കൂടുതല്‍ കുടുങ്ങുന്നത് ഇതര സംസ്ഥാനക്കാർ
മദ്യപിച്ചതായി തെളിഞ്ഞാല്‍ ഉടൻ തന്നെ യാത്രക്കാർക്കെതിരെ പെറ്റികേസ് ചാർജ് ചെയ്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യുന്നത്. മദ്യലഹരിയില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ് എന്നാണ് റെയില്‍വെ പോലീസ് നല്‍കുന്ന സൂചന. പരിശോധന കർശനമാക്കിയതോടെ ഇത്തരത്തില്‍ മദ്യപിച്ച് ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ എണ്ണത്തിലും റെയില്‍വെ പരിസരത്തെ കുറ്റകൃത്യങ്ങളിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്.
ബോധവല്‍ക്കരണവും ഊർജ്ജിതമാക്കി
പരിശോധനകളോടൊപ്പം റെയില്‍വെ പോലീസും ആർ.പി.എഫും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ട്. സംഘമായി വിനോദസഞ്ചാരത്തിനും മറ്റും ട്രെയിനില്‍ യാത്രചെയ്യുന്ന പെണ്‍കുട്ടികള്‍ ട്രെയിൻ നിർത്തുമ്ബോള്‍ സ്റ്റേഷനുകളില്‍ ഇറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിനിടെ ട്രെയിൻ വിട്ടുപോകുമ്ബോള്‍ പെട്ടെന്ന് ഓടിക്കയറി അപകടത്തില്‍പ്പെടുന്നതും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ ബോധവല്‍ക്കരണ പരിപാടികളിലൂടെ സാധിക്കുമെന്നതിനാലാണ് ഇതിനും പ്രത്യേക പരിഗണന നല്‍കുന്നത്, റെയില്‍വെ പോലീസ് അധികൃതർ പറഞ്ഞു..
إرسال تعليق