കരണ്ട് ബിൽ അടച്ചില്ല, ഫ്യൂസൂരിയതോടെ യുവാവിന്റെ പ്രതികാരം, നഗരത്തെ ഇരുട്ടിലാക്കി 24 ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകൾ തകർത്തു
കാസർകോട്:വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിൽ പ്രകോപിതനായ യുവാവ് 24 ട്രാൻസ്ഫോർമറികളിലെ ഫ്യൂസുകൾ തകർത്തു. ഇതോടെ കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ രാത്രി ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. കെഎസ് ഇ ബി ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചൂരി സ്വദേശി മുഹമ്മദ് മുനവ്വറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
നെല്ലിക്കുന്ന്, കാസർകോട് സെക്ഷനുകളിലെ 24 ട്രാൻസ്ഫോർമറികളിലെ ഫ്യൂസുകളാണ് ഇയാൾ ഊരിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം എണ്ണായിരത്തിലധികം ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. കുഡ്‍ലു ചൂരി കാള്യയങ്കോട് സ്വദേശിയായ ഒരു മുഹമ്മദ് മുനവ്വറിന്റെ വീട്ടിൽ 22,000 രൂപയുടെ വൈദ്യുതി ബിൽ വന്നു. ബിൽ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും പണം അടച്ചില്ല. ഇതോടെ കെഎസ്ഇബി ജീവനക്കാർ യുവാവിന്റെ വീട്ടിലെ കണക്ഷൻ തൂണിൽ നിന്ന് വിച്ഛേദിച്ചു. പിന്നാലെ നെല്ലിക്കുന്ന് സെക്‌ഷൻ ഓഫീസിൽ എത്തിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കി ഇറങ്ങിപ്പോയി. ഇതിനുശേഷമാണ് വൈദ്യുതി മുടങ്ങിയതായി പലയിടത്തുനിന്നും പരാതികളെത്താൻ തുടങ്ങിയത്.
കാസർകോട് ടൗൺ, നെല്ലിക്കുന്ന് സെക്‌ഷൻ പരിധിയിലുള്ള തളങ്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 24 ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകളാണ് യുവാവ് തകർത്തത്. ഒരു ട്രാൻസ്‌ഫോമറിൽ ഒൻപതിലേറെ ഫ്യൂസുകളാണ് ഉണ്ടായിരുന്നത്. കെ എസ് ഇ ബി അധികൃതർ ടൗൺ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ പിന്നീട് പോലീസ് പിടികൂടി. പൊതുമുതൽ നശിപ്പിച്ചതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു.
Post a Comment