Join News @ Iritty Whats App Group

കുറഞ്ഞ പ്രായം 21, 2000 മുതൽ 5000 രൂപ വരെ കെട്ടിവെക്കണം; വെള്ളിയാഴ്ച മുതൽ നാമനിര്‍ദേശ പത്രികകൾ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കുറഞ്ഞ പ്രായം 21, 2000 മുതൽ 5000 രൂപ വരെ കെട്ടിവെക്കണം; വെള്ളിയാഴ്ച മുതൽ നാമനിര്‍ദേശ പത്രികകൾ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നവംബർ 14, വെള്ളിയാഴ്ച മുതൽ നാമനിര്‍ദേശ പത്രികകൾ സ്വീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.

പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും പത്രികയോടൊപ്പം കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ ഈ തുകയുടെ പകുതി മാത്രം കെട്ടിവച്ചാൽ മതിയാകും.

നാമനിര്‍ദേശ പത്രിക നല്‍കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനല്‍കുകയും വേണം. സ്ഥാനാര്‍ത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുളളില്‍ അനുവദിക്കൂ. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാര്‍ഗ്ഗരേഖ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group