Join News @ Iritty Whats App Group

'ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു'; ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഡോണൾഡ് ട്രംപ്, സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

വാഷിംഗ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു.

ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ഗാസ സമാധാന ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിൽ. ട്രംപിന്‍റെ നേതൃത്വത്തിൽ ഈജിപ്തിലാണ് ഉച്ചകോടി. സമാധാന കരാറിന്‍റെ ഭാഗമായി ഹമാസ് ഇന്ന് ബന്ദികളെ വിട്ടയക്കും. ഇസ്രയേൽ പലസ്തീൻ തടവുകാരെയും വിട്ടയയ്ക്കും. ഇസ്രയേലിലാണ് ട്രംപിന്‍റെ ആദ്യ സന്ദർശനം. തലസ്ഥാനമായ ടെൽ അവീവിലേക്ക് ട്രംപ് യാത്ര തിരിച്ചു. വിപുലമായ സ്വീകരണമാണ് യുഎസ് പ്രസിഡന്‍റിന് ഇസ്രയേലിൽ ഒരുക്കിയിരിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിനുശേഷം ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

ഈജിപ്തിലെ ഷാംഅൽഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കില്ല. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഈജിപ്തിലെത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപും എൽസിസിയും മോദിയെ ക്ഷണിച്ചിരുന്നു. ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്നത് പരിഗണിച്ചാണ് നരേന്ദ്രമോദി വിട്ടു നിൽക്കുന്ന‍ത് എന്നാണ് സൂചന.

ഇസ്രയേൽ ബന്ദികളെ ഇന്ന് മൂന്ന് ഘട്ടങ്ങളായി വിട്ടുനൽകും

20 ഇസ്രയേൽ ബന്ദികളെ ഇന്ന് മൂന്ന് ഘട്ടങ്ങളായി ഹമാസ് വിട്ടു നൽകും. ഇന്ത്യൻ സമയം രാവിലെ പത്തരയോടെ ആദ്യ ബാച്ച് ബന്ദികളെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വിട്ടയക്കും. ഒരു മണിക്കൂറിന് ശേഷം വേറെ ഒരു സ്ഥലത്ത് നിന്ന് ബാക്കിയുള്ളവരെ മോചിപ്പിക്കും. തുടർന്ന് ഇസ്രയേൽ 2000 ത്തോളം പലസ്തീൻ തടവുകാരെ വിട്ടയക്കും. ഇവരെ വാഹനങ്ങളിൽ ഗാസയിലേക്ക് എത്തിക്കും.

Post a Comment

أحدث أقدم
Join Our Whats App Group