Join News @ Iritty Whats App Group

ഇഖാമ കാലാവധി തീർന്നതോടെ അറസ്റ്റിലായി, ജയിലിൽ വെച്ച് പക്ഷാഘാതം, പ്രവാസിക്ക് കൈത്താങ്ങായി മലയാളി നഴ്സ്

റിയാദ്: ഇഖാമ കാലാവധി അവസാനിച്ചതിനെ തുടർന്ന് അറസ്റ്റിലായി, രോഗബാധിതനായ ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നേഴ്‌സും ഇന്ത്യൻ എംബസിയും. സൗദിയിൽ ശക്തമായ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാൽ സ്വദേശി ജാക്കീർ ഭാഷ (43) ജയിലിൽ വച്ച് പക്ഷാഘാതം ബാധിക്കുകയും തുടർന്ന് ജയിൽ അധികൃതർ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒരു വർഷത്തോളമായി ചികിത്സയിൽ കഴിയേണ്ടി വന്നതിൽ ആറുമാസത്തോളം അബോധാവസ്ഥയിലായിരുന്നു ജാക്കീർ ഭാഷ. ഈ കാലയളവിൽ അദ്ദേഹത്തിന് തുണയായത് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു.

നിർധനരായ കുടുംബം ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനുള്ള സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു. എംബസി ആവശ്യമായ നടപടികൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ സഹായം അഭ്യർത്ഥിച്ചു. കേളിയുടെ ജീവകാരുണ്യ വിഭാഗം ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ, ജാക്കീർ ഭാഷ ജയിലിന്റെ ഉത്തരവാദിത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തി. അതിനാൽ നിയമനടപടികൾ പൂർത്തിയാക്കേണ്ടതായി വന്നു. നടപടികളിൽ എംബസിയിലെ ജയിൽവിഭാഗം ഉദ്യോഗസ്ഥൻ സവാദ് യൂസഫ് കാക്കഞ്ചേരിയും തർഹീൽ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദ്ദീനും കാര്യക്ഷമമായി ഇടപെട്ടു.

മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ട്രക്ചർ സൗകര്യത്തോടു കൂടി ഒരു നഴ്‌സിന്‍റെ സഹായത്തോടെ മാത്രമേ ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനാകൂവെന്ന് വ്യക്തമാവുകയും, കേളിയുടെ അഭ്യർത്ഥന മാനിച്ച് റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും കൊല്ലം ജില്ല കൊളത്തൂപ്പുഴ സ്വദേശിനിയുമായ മോനിഷ സദാശിവം രോഗിയെ അനുഗമിക്കാൻ തയ്യാറാവുകയും ചെയ്തു.


ഇതിനായി ആശുപത്രിയിൽ നിന്ന് അവധി എടുത്ത് ഹൈദരാബാദ് വരെ രോഗിയെ അനുഗമിച്ചു. “താൻ തിരഞ്ഞെടുത്ത തൊഴിൽമേഖലയെ അന്വർത്ഥമാക്കി" മറ്റൊരു സഹജീവിക്ക് കൈത്താങ്ങാവാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് മോനിഷ സദാശിവം പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജാക്കീർ ഭാഷ സുരക്ഷിതനായി നാട്ടിലെത്തി. യാത്രയ്ക്കാവശ്യമായ ടിക്കറ്റും മറ്റു ചിലവുകളും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. മോനിഷ സദാശിവം ജാക്കിർ ഭാഷയുടെ കുടുംബത്തോടൊപ്പം വീട്ടുവരെ അനുഗമിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group