Join News @ Iritty Whats App Group

ശബരിമല സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലൻസ്. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വർണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലും വിജിലൻസ് അന്വേഷണം നടത്തും. ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വർണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും.

അതിനിടെ സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ് ഇന്നലെ കണ്ടെത്തിയിരുന്നു. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. 2019ൽ ആയിരുന്നു സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചത്. ഈ കണ്ടെത്തൽ ശരിവെച്ച് ക്ഷേത്രം ഭാരവാഹികള്‍ രംഗത്തെത്തി. ശ്രീകോവിലിലേക്കുള്ള വാതിൽ എന്ന പേരിലുള്ള വസ്തു ബെംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചിരുന്നുവെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പറഞ്ഞു. ക്ഷേത്രത്തിൽ പൂജ നടത്തുകയും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യവും ഒരുക്കുകയും ചെയ്തുവെന്നും ട്രസ്റ്റി പറഞ്ഞു.

അതേസമയം ശബരിമലയിൽ വ്യവസായി വിജയ് മല്യ സമർപ്പിച്ച 30 കിലോയിലധികം സ്വർണത്തിന്റെ യഥാർത്ഥ രേഖകൾ കണ്ടെത്താനാകാതെ ദേവസ്വം വിജിലൻസ് വലയുകയാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് നിർണായകമായ ഈ രേഖകൾ അപ്രത്യക്ഷമായതോടെ ശ്രീകോവിലിലെ സ്വർണ്ണപ്പാളി മോഷണ വിവാദത്തിൽ ദുരൂഹതയേറുകയാണ്. സ്വർണം ചെമ്പായി മാറിയതിന് പിന്നിൽ നടന്നത് ആസൂത്രിതമായ മോഷണവും അട്ടിമറിയുമാണെന്ന നിഗമനവും ബലപ്പെടുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group