Join News @ Iritty Whats App Group

ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളികളും കടത്തി; പ്രതികരിച്ച് മുരാരി ബാബു, 'ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ അനുസരിക്കുന്നു'

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് മുരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തിയാണ് കട്ടിളപ്പടികളും കൊണ്ടുപോയത് എന്നാണ് മുരാരി ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. വിവാദ കാലത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ലോഹം എന്താണോ അതാണ് രേഖകളില്‍ എഴുതിയിരിക്കുന്നതെന്നും അടിസ്ഥാന ലോഹത്തില്‍ സ്വര്‍ണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. താന്‍ ഒരു ഉദ്യോഗസ്ഥനാണ്. ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ പൂര്‍ണമായി അനുസരിക്കുന്നു എന്നും മുരാരി ബാബു പറഞ്ഞു. 2019 ൽ വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയതിന് ബി മുരാരി ബാബുവിനെ നിലവില്‍ സസ്പെന്‍റ് ചെയ്തിരിക്കുകയാണ് ദേവസ്വം വകുപ്പ്. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരിബാബുവാണ്.

വീഴ്ചയിൽ പങ്കില്ലെന്ന് ബി മുരാരി ബാബു

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്ന് തിരുവിതാംകൂർ ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞു. വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post
Join Our Whats App Group