Join News @ Iritty Whats App Group

പിഎം ശ്രീയിൽ നിന്ന് പിന്മാറില്ല; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം, ശക്തമായ എതിർപ്പുമായി സിപിഐ


കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ സിപിഎം. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചിരിക്കുന്നത്. പദ്ധതിയെ എതിർത്ത് നിൽക്കുന്ന സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടിയേറ്റ് യോ​ഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്.

പിഎം ശ്രീ പദ്ധതി നയപരമായ സർക്കാരിന്റെ തീരുമാനമാണെന്നും ഇതുസംബന്ധിച്ച എല്ലാ ആശയക്കുഴപ്പവും പരിഹരിക്കാൻ ചർച്ചയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഐയുടെ ഭാ​ഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ തീരുമാനം എടുത്തില്ല. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല.

എം വി ​ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ വരും ദിവസങ്ങളിൽ സിപിഐയുമായി ചർച്ച നടത്താനാണ് യോ​ഗത്തിൽ തീരുമാനമായത്. ഈ മാസം 29ന് ശേഷം എൻഡിഎഫ് കൺവീനർ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം പദ്ധതിയുമായി സിപിഎം മുന്നോട്ട് പോകുമ്പോൾ കടുത്ത അമർഷത്തിലാണ് സിപിഐ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പിട്ട സർക്കാർ നടപടിക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group