കോട്ടയം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞുനിര്‍ത്തി നിവേദനം നൽകാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബിജെപി പ്രവര്‍ത്തകര്‍. കേന്ദ്ര മന്ത്രിയുടെ വാഹനം പെട്ടെന്ന് തടഞ്ഞതോടെ പ്രവര്‍ത്തകരിലൊരാള്‍ നിവേദനം നൽകാനെത്തിയ ആളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയതെന്നാണ് പറയുന്നത്. കയ്യിൽ നിവേദനം ഉണ്ടായിരുന്നെങ്കിലും ഒന്നും എഴുതിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.
ഇന്ന് രാവിലെ കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡ് മൈതാനിയിൽ നടന്ന കലുങ്ക് സൗഹൃദ സംവാദം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുന്നതിനിടെയാണ് സംബവം. വാഹന വ്യൂഹം മുന്നോട്ടുപോകുന്നതിനിടെ മുന്നിലെത്തിയ ഷാജി വാഹനം തടയുകയായിരുന്നു. വാഹനത്തിന്‍റെ ചുറ്റും നടന്ന് കാര്യം പറയാൻ ശ്രമിച്ചെങ്കിലും സുരേഷ് ഗോപി ഇടപെട്ടില്ല. ഇതിനിടെ പുറത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരില്‍ ചിലരെത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. ഒരാള്‍ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിവേദനം നൽകാനെത്തിയ ആളെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകര്‍ തന്നെ സമാധാനിപ്പിച്ച് പ്രശ്നം ചോദിച്ചശേഷം സാമ്പത്തിക സഹായം നൽകി വീട്ടിലേക്ക് മടക്കിവിടുകയായിരുന്നു.
Post a Comment