Join News @ Iritty Whats App Group

ദീപാവലിക്ക് പിന്നാലെ ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി; കൃത്രിമ മഴ പെയ്യിക്കും

ദില്ലി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി. നഗരത്തിൽ ശരാശരി വായുഗുണനിലവാരം മൂന്നൂറ്റി അൻപത് രേഖപ്പെടുത്തി. കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ നടപടി തുടങ്ങി.

പരിധി വിട്ട ആഘോഷം ദില്ലിയെ ശ്വാസം മുട്ടിക്കുകയാണ്. നിയന്ത്രണങ്ങൾ മറികടന്നും ദിവസങ്ങളോളം വ്യാപകമായി പടക്കം പൊട്ടിച്ചതും, അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ കൂട്ടിയത്. നാലിടങ്ങളിൽ മലിനീകരണ തോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. അനുവദിനീയമായതിനേക്കാൾ പത്തിരട്ടിവരെ മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്. കൃത്രിമ മഴ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികൾ തുടങ്ങി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അനുമതി ലഭിച്ചാൽ വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചക്കുമിടയില്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്നാണ് ദില്ലി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസ പറഞ്ഞത്.

എല്ലാം സജ്ജം, അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി

പൈലറ്റുമാർക്ക് പരിശീലനം നൽകി. ട്രയൽ റണ്‍ നടത്തി. വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചു. എല്ലാം സജ്ജമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്"- മന്ത്രി പറഞ്ഞു.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വായുമലിനീകരണം നിരീക്ഷിക്കുന്ന ഐക്യു എയറിന്റെ കണക്ക് പ്രകാരം ദില്ലി ലോകത്തിലെ നഗരങ്ങളിൽ വായുമലിനീകരണത്തിൽ ഒന്നാമതാണ്. പട്ടികയിൽ കൊൽക്കത്ത അഞ്ചാമതും മുംബൈ ഏഴാമതുമാണ്. മലിനീകരണത്തെ ചൊല്ലി പതിവ് പോലെ രാഷ്ട്രീയ പോരും തുടങ്ങി. മലിനീകരണം കുറയ്ക്കാൻ നടപടിയെന്ന് സർക്കാർ കള്ളം പറയുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. മലിനീകരണം നിയന്ത്രിക്കാനാകാത്തത് ദില്ലി സർക്കാറിന്റെ പിടിപ്പുകേടാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് തടയാത്തതാണ് മലിനീകരണം ഇത്ര കൂടാൻ കാരണമെന്ന് ബിജെപി തിരിച്ചടിച്ചു.

ഡൽഹി-എൻസിആറിൽ ദീപാവലിക്ക് നിയന്ത്രണങ്ങളോടെ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ദീപാവലിയുടെ തലേന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയും ദീപാവലിയുടെ അന്ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയും അനുമതി നൽകി. പക്ഷേ പലരും കോടതിയുടെ നിർദേശങ്ങൾ ലംഘിച്ച് ആഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു. നേരത്തെ പടക്കം നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group