Join News @ Iritty Whats App Group

ചൈനയോട് വീണ്ടും കൊരുത്ത് ട്രംപ്; നവംബര്‍ ഒന്നിന് മുമ്പ് കരാറുണ്ടാക്കണം, ഇല്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155% അധിക തീരുവ

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം വീണ്ടും ആളിക്കത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനം. നവംബര്‍ ഒന്നിന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒരു കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155 ശതമാനം വരെ അധിക തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി വൈറ്റ് ഹൗസില്‍ അപൂര്‍വ ധാതുക്കള്‍ സംബന്ധിച്ച കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങിനിടെയാണ് ട്രംപിന്റെ പ്രതികരണം. വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താനും ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനുമുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാര്‍.

യുഎസിനെ മുന്‍പ് ചൂഷണം ചെയ്ത പല രാജ്യങ്ങളുമായും തന്റെ ഭരണകൂടം വ്യാപാര കരാറുകള്‍ക്ക് രൂപം നല്‍കിയതായി ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടം അന്യായമായ വ്യാപാര രീതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നിലവിലെ 55 ശതമാനം തീരുവകള്‍ക്ക് പുറമെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ചുമത്താനും, എല്ലാ നിര്‍ണ്ണായക സോഫ്റ്റ്വെയറുകള്‍ക്കും നവംബര്‍ 1 മുതല്‍ പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.

ഷി ജിന്‍പിങ്ങുമായി ദക്ഷിണ കൊറിയയില്‍ വെച്ച് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് സ്ഥിരീകരിച്ചു. തങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ടെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ചൈനയും താനും ചേര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ലോകത്തിനും ഗുണകരമായ ഒരു മികച്ച വ്യാപാര കരാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ഈ പ്രസ്താവനകള്‍ക്ക് പിന്നാലെ, ഈ ആഴ്ച മലേഷ്യയില്‍ യുഎസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍, ചൈന കഴിഞ്ഞ സെപ്റ്റംബറില്‍ ചൈന യുഎസില്‍ നിന്ന് സോയാബീന്‍ ഇറക്കുമതി ചെയ്തില്ല എന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ അഭിപ്രായപ്രകടനങ്ങള്‍

Post a Comment

Previous Post Next Post
Join Our Whats App Group