തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുലിനെതിരെ ആരോപണം ഉയർത്തിയ യുവതികള്‍ ആരും തന്നെ പരാതി നല്‍കാൻ തയ്യാറായിട്ടില്ല. നിർബന്ധിതമായി ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, പരാതിക്കാരില്ലാതെ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.
രാഹുലിന്റെ പേരുപറയാതെ ആദ്യം ആരോപണം ഉന്നയിച്ച യുവനടിയും പിന്നീട് പരാതി പറഞ്ഞ ട്രാൻസ്‌ജെൻഡർ യുവതിയും പരാതി നല്‍കാൻ തയ്യാറായില്ല. ഗർഭഛിദ്രത്തിന് രാഹുല്‍ നിർബന്ധിച്ച യുവതിയും പരാതി നല്‍കാൻ കൂട്ടാക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ഉറവിടം തേടിയ അന്വേഷണ സംഘം ആ യുവതിയേയും കണ്ടെത്തിയിരുന്നു. എന്നാല്‍, പരാതിയുമായി മുന്നോട്ടു പോകാൻ തയ്യാറല്ല എന്ന നിലപാടിലാണ് ആ യുവതിയും.
ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോയിലെ യുവതിയില്‍ നിന്നും പരാതി വാങ്ങിയെടുക്കാൻ മൂന്നുവട്ടം ഐപിഎസ് ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി അന്വേഷണം എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം.
പരാതി നല്‍കുന്നവർക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസിനും ലഭിച്ച 10 പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതും. 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ടുവെന്നും ചിലരെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നുമായിരുന്നു എഫ്‌ഐആർ.
ലഭിച്ച പരാതികളെല്ലാം മൂന്നാംകക്ഷികളുടേതാണ്. ബാലാവകാശ കമ്മിഷന് പരാതി നല്‍കിയ അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ അന്വേഷണസംഘത്തിന് വിശദമായ മൊഴിനല്‍കിയിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍വന്ന വാർത്തയല്ലാതെ അതിനപ്പുറം ഒരു തെളിവും നല്‍കാൻ ഈ പരാതിക്കാർക്കായിട്ടില്ല.
Post a Comment