ഇരിട്ടി: പേരട്ടയിലും പരിസരത്തും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പേരട്ട സെന്‍റ് ആന്‍റണീസ് പള്ളിയുടെ സമീപത്ത് തൊണ്ടുങ്ങല്‍ എലിസബത്ത്, കരിനാട്ട് ഷിബ, ഷെഫീഖ് തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്.
ഇന്നലെ പുലർച്ചയോടെയാണ് കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചത്. പുലർച്ചെ നാലിന് ജോലിസ്ഥലത്തേക്ക് പോകുവാൻ ഇറങ്ങിയ ഹോട്ടല്‍ ജീവനക്കാരനായ ഷെഫീഖ് ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് വീടിനു സമീപത്ത് കാട്ടാനയെ കണ്ടത്.
കൃഷിയിടത്തിലെ വാഴയും മറ്റ് കൃഷികള്‍ക്കും നാശം വരുത്തിയ ശേഷം ആന തിരികെ പോയി. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ ആനയാണ് കേരളത്തിലെ കൃഷിയിടത്തില്‍ എത്തി കൃഷികള്‍ നശിപ്പിച്ചത്.
ഒരാഴ്ച മുന്പാണ് വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ ആന അന്തർ സംസ്ഥാന പാതയില്‍ കൂട്ടുപുഴ പാലത്തിന് മുകളില്‍ നിലയുറപ്പിച്ച സംഭവം ഉണ്ടായത്. മേഖലയില്‍ സോളാർ തൂക്കുവേലി ഉണ്ടെങ്കിലും ഇത് തകർത്താണ് ആന ജനവാസ മേഖലയില്‍ ഇറങ്ങുന്നത്.
إرسال تعليق