Join News @ Iritty Whats App Group

വരുമാനം ഇരട്ടിയാക്കാൻ വീണ്ടും ഗണേശ് കുമാര്‍ മാജിക്, വരുന്നു ബിസിനസ് ക്ലാസ്, ഒപ്പം ബസ് ഹോസ്റ്റസും

തിരുവനന്തപുരം: വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി.

ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മൂന്നര മണിക്കൂറിനുള്ളില്‍ യാത്ര സാദ്ധ്യമാകുന്ന ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഗണേശ് കുമാർ അറിയിച്ചു. 25 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസായിരിക്കും ഇതിനായി ഒരുക്കുക. ബസില്‍ വ്യക്തിഗത ടിവി, ചാർജിംഗ സൗകര്യം, വൈഫൈ എന്നിവയുണ്ടാകും.

ഇതോടൊപ്പം യാത്രക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ ഡ്രൈവർക്ക് പുറമെ ഒരു ബസ് ഹോസ്റ്റസും ഉണ്ടാകും. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക. 2026 ഡിസംബറില്‍ ആറുവരി ദേശീയപാതയുടെ പണി പൂർത്തിയാകുന്നതോടെ ഗതാഗത രംഗത്ത് വൻകുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന ആധുനിക 'ബിസിനസ് ക്ലാസ്' ബസ് സർവീസ് ആരംഭിക്കും. ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണ്.

എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസില്‍ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു 'ബസ് ഹോസ്റ്റസും' ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും.

2026 ഡിസംബറില്‍ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി കെഎസ്‌ആർടിസിയുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ നിർമ്മിതബുദ്ധിയുടെ (AI) സഹായം തേടും. ഒരേ റൂട്ടില്‍ കൃത്യമായ ഇടവേളകളില്‍ ബസുകള്‍ ഓടുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കും. ജിപിഎസ് സഹായത്തോടെ ഗതാഗതക്കുരുക്ക് മുൻകൂട്ടിയറിഞ്ഞ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നതോടെ യാത്രകള്‍ കൂടുതല്‍ സുഗമമാകും.

ഇതിനൊപ്പം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങളും വരുന്നുണ്ട്. ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ വെച്ചുതന്നെ ലൈസൻസ് നല്‍കാനുള്ള സംവിധാനമൊരുക്കുന്നതോടെ ലൈസൻസ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണ്ണമായും ഒഴിവാകും. .

Post a Comment

Previous Post Next Post
Join Our Whats App Group