Join News @ Iritty Whats App Group

രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ പെണ്‍കുട്ടി; ജീവന് വേണ്ടി പിടഞ്ഞ ഉറ്റവളെ വാരിപ്പുണര്‍ന്ന് ആശുപത്രിയിലേക്ക് യാത്ര; ഒടുവില്‍ പോകും വഴി കാര്‍ അപകടത്തില്‍ ദാരുണാന്ത്യം; അമ്മയ്ക്കും സഹോദരനും ഗുരുതര പരിക്ക്; നോവായി മഹിമയുടെ വിയോഗം

കാസർകോട്: കുറ്റിക്കോല്‍ ബേത്തൂർപാറയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം.


അപകടത്തില്‍ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകളായ മഹിമയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് പെണ്‍കുട്ടിയെ അടിയന്തര ചികിത്സ നല്‍കുന്നതിനായി കാസർകോടുള്ള ചെർക്കള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിമധ്യേ പടിമരുതില്‍ വെച്ച്‌ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

നാട്ടുകാർ ഉടൻതന്നെ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. കാസർകോട്ടെ നുള്ളിപ്പാടിയില്‍ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു മഹിമ.

വാഹന അപകടമാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ജീവനുണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും പരിക്കേല്‍ക്കുകയും ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തൂങ്ങിമരണമാണോ അതോ വാഹന അപകടമാണോ മരണത്തിലേക്ക് നയിച്ചത് എന്നതിനെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ദുരന്തം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group