ഇരിട്ടി: പൊട്ടിപ്പൊളിഞ്ഞ് ദുരിത പാതയായി മാറിയ നേരംപോക്ക് - എടക്കാനം റോഡില്‍ അപകടങ്ങള്‍ പെരുകുന്നു. ഇരിട്ടി ടൗണിനോട് ചേർന്ന റോഡിന്‍റെ ശോചനീയാവസ്ഥ അറിഞ്ഞിട്ടും അധികൃതർക്ക് നേരംപോക്ക് പോലെയാണ്.
എങ്ങും കുഴികള്‍ നിറഞ്ഞ റോഡ് ഇരുചക്ര വാഹന യാത്രക്കാർക്കും കാല്‍ നടയാത്രക്കാർക്കും പേടി സ്വപ്‌നമായി മാറുകയാണ്.
ഇരു ചക്രവാഹനങ്ങളാണ് റോഡിലെ കുഴിയില്‍ വീണ് ഏറെയും അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരിട്ടി ടൗണില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിയ കീഴൂർ സ്വദേശി റിട്ട. പോലീസ് എസ്‌ഐ പി.വി. ലക്ഷ്മണന്‍റെ സ്കൂട്ടർ നേരംപോക്ക് വയല്‍ തുടങ്ങുന്ന ഭാഗത്തെ വലിയ കുഴിയില്‍ വീണു. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് ലക്ഷ്മണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. വീഴ്ചയില്‍ കാല്‍മുട്ട് റോഡില്‍ ഇടിച്ച് മുട്ടിനു പരിക്കേറ്റു.
കഴിഞ്ഞ ദിവസങ്ങളിലും ഇതേറോഡില്‍ കൊടുവേലി തോടിന്‍റെ കലുങ്കിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടമുണ്ടായിരുന്നു. ചാവശേരി സ്വദേശിയും പെരുമണ്ണ് സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. ചാവശേരി സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്കിന് കേടുപറ്റി. ഇത്തരം അപകടങ്ങള്‍ നിത്യവും സംഭവിക്കുകയാണ്.വർഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ വെളളം നിറയുന്നതോടെ വലിയ കുഴിയേത്, ചെറിയ കുഴിയേതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്.
കാല്‍നടയാത്രപോലും ദുഷ്‌കരമായ റോഡില്‍ ഓട്ടോകള്‍ പലതും ഓട്ടം പോകുന്നില്ല. ഒരു വർഷമായി റോഡ് ടാറിംഗ് നടത്തുമെന്ന് പറയുന്നു. കരാർ നല്‍കുകയും മെറ്റല്‍ അടക്കമുള്ള സാധനങ്ങള്‍ ഇറക്കി വയ്ക്കുകയും ചെയ്തു. എന്നാല്‍ തുടർച്ചയായി പെയ്യുന്ന മഴയാണ് ടാറിംഗിന് തടസമാകുന്നത്. ഇതിനിടയില്‍ തകർന്ന റോഡിന്‍റെ അരികിലൂടെ ടെലിഫോണ്‍ കേബിളിടുന്നതിനായി കുഴികളെടുക്കുകയും കുടിവെള്ള വിതരണ പൈപ്പിടാനായി ചാലുകീറുകയും ചെയ്തത് ദുരിതം ഇരട്ടിപ്പിച്ചിരിക്കയാണ്.
Post a Comment