മട്ടന്നൂർ:പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച റോഡുകള്‍ പലയിടത്തും തകര്‍ന്ന നിലയിലാണ് .വര്‍ഷംതോറും അറ്റകുറ്റപ്പണികള്‍ക്ക് കോടികള്‍ ചെലവഴിച്ചിട്ടും പലയിടത്തും റോഡുകള്‍ പുതുക്കി പണിയുന്ന കാര്യത്തില്‍ അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത് മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ പുതുക്കിപ്പണിത പഴശ്ശി കനാലിന്റെ സംരക്ഷണഭിത്തിയും കോണ്‍ക്രീറ്റ് റോഡും തകര്‍ന്നിട്ട് മാസങ്ങളായി.
റോഡിന്റെ അവശേഷിക്കുന്ന ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. എതിര്‍ഭാഗത്ത് മട്ടന്നൂര്‍ സബ് രജിസ്‌ട്രാര്‍ ഓഫീസിന് സമീപത്തും കനാലിന്റെ അരികിടിഞ്ഞ് അപകടഭീഷണിയിലാണ്.മാസങ്ങള്‍ക്ക് മുമ്ബ് ലക്ഷങ്ങള്‍ ചെലവിട്ട് പുതുക്കിപ്പണിത കുഞ്ഞിപ്പള്ളിവളയാല്‍ കനാല്‍ റോഡാണ് തകര്‍ന്നത്. മൂന്നുമാസം മുമ്ബാണ് റോഡിലും സംരക്ഷണഭിത്തിയിലും വിള്ളല്‍ വീണത്. തുടര്‍ന്ന് റോഡ് പൂര്‍ണമായി തകരുകയായിരുന്നു. കനാല്‍ക്കരയില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയിലും വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കും കാര,തെളുപ്പ് ഭാഗങ്ങളിലേക്കും എത്താന്‍ നിരവധി പേര്‍ എത്തുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ പ്രദേശവാസികളുടെ യാത്ര വീണ്ടും ദുഷ്‌കരമായി.
മൂന്നു വര്‍ഷം മുമ്ബ് കനാല്‍റോഡ് ഇടിഞ്ഞ് താഴ്‌ന്നിരുന്നു. കനാലിന്റെ എതിര്‍വശമുള്ള ഓവുചാലിലൂടെ വെള്ളം ഒഴുകിയെത്തിയതാണ് കനാല്‍ഭിത്തി തകരാന്‍ ഇടയാക്കിയത്. തുടര്‍ന്ന് 92 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി ഉള്‍പ്പടെ നിര്‍മിച്ചത്. 60 മീറ്റര്‍ നീളത്തിലാണ് സുരക്ഷാഭിത്തി പണിതത്. പണി പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് മഴക്കാലത്ത് വീണ്ടും റോഡ് തകര്‍ന്നത്.
റോഡിന്റെ കോണ്‍ക്രീറ്റിട്ട ഭാഗം മണ്ണില്‍ നിന്ന് അടര്‍ന്നുപോകുകയായിരുന്നു.തുടര്‍ന്ന് ഇവിടെ ടാറിങ്ങ് പൊളിച്ചുനീക്കിയിരിക്കുകയാണ്.മഴയ്‌ക്ക് ശേഷം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചത്. പവൃത്തിക്കായി ഇനിയും ലക്ഷങ്ങള്‍ ചെലവിടേണ്ടിവരും.
കനാലിന്റെ അരികിലുള്ള മരം കടപുഴകിയതിനെ തുടര്‍ന്നാണ് സബ് രജിസ്‌ട്രാര്‍ ഓഫീസിന് സമീപം റോഡരിക് തകര്‍ന്നിട്ടുള്ളത്. കല്ലൂരിലും മഴക്കാലത്ത് കനാലിന്റെ അരികുവശം ഇടിഞ്ഞുതാഴ്‌ന്നിരുന്നു. വന്‍ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടും പഴശ്ശി കനാലിന്റെ പലഭാഗങ്ങളും ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്. വെള്ളം തുറന്നുവിടുമ്ബോള്‍ ചോര്‍ച്ചയുണ്ടാകുന്നതും പതിവാണ്.
إرسال تعليق