Join News @ Iritty Whats App Group

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്, 'നടപടിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച്'

കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം. പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞതോടെ ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

ആവശ്യമുന്നയിച്ച് ജില്ലയി‌ൽ പ്രതിഷേധ പരിപാടികൾ തുടരാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടമായി മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് തന്നെ മാര്‍ച്ച് നടത്തുമെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ വ്യക്തമാക്കി. പേരാമ്പ്രയിലെ കോണ്‍ഗ്രസ് പ്രതിഷേധ സംഗമത്തിനിടെ ഇന്നലെ പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞിരുന്നു. ഈ സംഭവത്തില്‍ പൊലീസ് ഇന്ന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. അതേസമയം, പൊലീസ് നടപടിയെ ന്യായീകരിച്ച് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ചൊവ്വാഴ്ചയാകും രാഷ്ട്രീയ വിശദീകരണ യോഗം.

Post a Comment

Previous Post Next Post
Join Our Whats App Group