കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പ് വെച്ചതിന് പിന്നാലെ കേരളത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭിന്ദനം. പിഎം ശ്രീയിൽ ചേർന്നതിൽ അഭിനന്ദനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് കേരളം പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്.
വിദ്യാർത്ഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളവും കേന്ദ്രവും പ്രതിജ്ഞാബദ്ധരെന്നും വിദ്യാഭ്യാസ മന്ത്രലയം അറിയിച്ചു. നിലവിൽ ഒപ്പിട്ടിരിക്കുന്ന MOU ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020 ലെ NEP അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് പ്രധാന നാഴികക്കല്ല്.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഉള്ള ധാരണ പത്രത്തിൽ സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. അതേസമയം പി എം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പ്രത്യക്ഷ പരോക്ഷ പോര് നടക്കുകയാണ്. പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് സിപിഐ. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.
Post a Comment