വത്തിക്കാൻ: വത്തിക്കാൻ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാ മുറിയൊരുക്കി മാർപ്പാപ്പ. വത്തിക്കാൻ ആസ്ഥാനത്തുള്ള 500 വർഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറിയോട് ചേർന്നാണ് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനാമുറിയൊരുക്കിയത്. ലൈബ്രറി സന്ദർശിക്കുന്ന മുസ്ലിം വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. 15ാം നൂറ്റാണ്ടിൽ സ്ഥാപിതമായ വത്തിക്കാനിലെ അപ്പസ്തോലിക് ലൈബ്രറിയിൽ ഗവേഷണ ആവശ്യങ്ങൾക്കായി നിരവധിപ്പേരാണ് എത്താറുള്ളത്. 80000 ത്തിലധികം കയ്യെഴുത്ത് പ്രതികളും 50000 ചരിത്ര രേഖകളും അടക്കം 20 ദശലക്ഷത്തിലേറെ ബുക്കുകളാണ് ഈ ലൈബ്രറിയിൽ ഉള്ളത്. കാർപ്പെറ്റുള്ള ഒരുമുറി പ്രാർത്ഥനയ്ക്കായി വേണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടുവെന്നാണ് ലൈബ്രറിയുടെ ചുമതലയിലുള്ളവർ മാധ്യമങ്ങളോട് വിശദമാക്കിയത്. പുരാതന ഖുറാനുകൾ അടക്കമുള്ളവ ലൈബ്രറിയിലുണ്ടെന്നാണ് ലൈബ്രറി അധികൃതർ വിശദമാക്കുന്നത്.
മതാന്തര സൗഹൃദനയത്തിന്റെ ഭാഗമായാണ് നീക്കം
മതപണ്ഡിതരും അക്കാദമിക പണ്ഡിതരും ഗവേഷകരും ഉൾപ്പെടെ നിരവധി പേരാണ് ഗവേഷണത്തിൻ്റെ ഭാഗമായി ഇവിടെ എത്താറുള്ളത്. ഇത്തരത്തിൽ ഗവേഷണത്തിനായി എത്തുന്ന മുസ്ലിം വിശ്വാസികൾക്ക് പ്രാർഥനാ സൗകര്യം ഒരുക്കുക എന്ന താൽപര്യത്തിന്റെ പുറത്താണ് ലൈബ്രറിക്ക് അകത്തു തന്നെ പ്രാർഥനാ മുറി ഒരുക്കിയത്. ലിയോ പതിനാലാമൻ പാപ്പായുടെ മതാന്തര സൗഹൃദനയത്തിന്റെ ഭാഗമായാണ് ഈ നീക്കം. വത്തിക്കാനിൽ സ്ഥിര താമസക്കാരായ മുസ്ലിം വിശ്വാസികൾ ഇല്ല. അതിനാൽ തന്നെ വത്തിക്കാനിൽ മോസ്കുകളും ഇല്ലെന്നിരിക്കെയാണ് അപ്പസ്തോലിക് ലൈബ്രറിയിൽ മുസ്ലിം വിശ്വാസികൾക്കായി പ്രാർത്ഥനാ മുറി ഒരുക്കിയത്
إرسال تعليق