ഇരിട്ടി:
ഇരിട്ടി നഗരസഭയുടെ വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിൽ വ്യാപകമായ ക്രമക്കേടുകളും രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളും നടന്നിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ യുഡിഎഫ് നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ നേരിൽ കണ്ടു പ്രതിഷേധം അറിയിച്ചു.
പുതുതായി വോട്ട് ചേർക്കുന്നതിനായി അപേക്ഷ നൽകിയവരും, ഹിയറിംഗിൽ പങ്കെടുത്തും ആവശ്യമായ രേഖകൾ സമർപ്പിച്ചവരും ഉൾപ്പെടെ നിരവധി പേരുടെ പേരുകൾ പുതുക്കിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, ഇരട്ട വോട്ടുകൾ വിവിധ വാർഡുകളിലും സമീപ പഞ്ചായത്തുകളിലും നിലനിൽക്കുന്ന സാഹചര്യത്തെയും യുഡിഎഫ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഇത്തരം ഗുരുതരമായ ക്രമക്കേടുകൾ അവഗണിച്ചതായി നേതാക്കൾ ആരോപിച്ചു.
വാർഡുകളുടെ അതിർത്തിക്കുള്ളിലെ വോട്ടുകൾ ക്രമവിരുദ്ധമായി മറ്റുവാർഡുകളിലേക്ക് മാറ്റിയതിലൂടെ സിപിഎം അനുകൂലമായി പട്ടിക തിരുത്താനുള്ള ശ്രമമാണ് നഗരസഭയിൽ നടന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു.
ഈ വിഷയങ്ങൾ സംബന്ധിച്ച് യുഡിഎഫ് നേതാക്കൾ രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. നഗരസഭാ സെക്രട്ടറി വിഷയത്തിൽ അനുഭാവപൂർവ്വമായ സമീപനമെടുക്കുമെന്നും, ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
വോട്ടർ പട്ടികയിലെ ഈ ക്രമക്കേടുകൾ ജനാധിപത്യ പ്രക്രിയയോട് നടത്തുന്ന വെല്ലുവിളിയാണെന്നും, ഇതിനെതിരെ ശക്തമായ രാഷ്ട്രീയ-നിയമ പോരാട്ടം തുടരുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
ഇരിട്ടി നഗരസഭ യുഡിഎഫ് നേതാക്കളായ പി കെ ജനാർദ്ദനൻ, , എം പി അബ്ദുറഹിമാൻ ,പി എ നസീർ , സി അഷ്റഫ് ,എം മാമുഞ്ഞി , കെ വി രാമചന്ദ്രൻ , സി കെ ശശിധരൻ, എം അജേഷ് , പി വി മോഹനൻ , സമീർ പുന്നാട്, ഷാനിദ് പുന്നാട് , പി വി കേശവൻ , സി. വി സുധീപൻ , കെ സി നാരായണൻ , പി വി നിഥിൻ ,
കെ ഉണ്ണികൃഷ്ണൻ , ടി ഷംസീർ , സി.കെ അർജുൻ ,
പി സുബൈർ , ആർ. കെ മുജീബ് , ടി ജെ സോണി , സി ഇസ്മായിൽ , പി പി രജീഷ് പങ്കെടുത്തു.
Post a Comment