Join News @ Iritty Whats App Group

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം

പത്തനംതിട്ട:കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി പ്രശാന്തൻ എന്നിവര്‍ക്കെതിരെയാണ് നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. ഹർജി ഫയലിൽ സ്വീകരിച്ച പത്തനംതിട്ട സബ്‌ കോടതി ദിവ്യയ്ക്കും പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടത്ത മാസം 11ന് പരിഗണിക്കും.

2024 ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ എത്തിയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗം. ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു. രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു.

നവീൻബാബു കൈക്കൂലി വാങ്ങിയായിരുന്നു പ്രശാന്തൻ ആരോപിച്ചിരുന്നത്. എന്നാല്‍ അത് തെളിയിക്കാൻ അയാൾ തയ്യാറായതുമില്ല. ഇതെല്ലാമാണ് പ്രശാന്തന്റെ പേരിലുള്ള ആരോപണം. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കാണിച്ചിട്ടുണ്ട്. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group