Join News @ Iritty Whats App Group

സുരേഷ് ​ഗോപി വരുമെന്ന പ്രതീക്ഷയിൽ കുട്ടികൾ കാത്തുനിന്നു, ​പടിവാതിൽ വരെയെത്തി കാറിൽ നിന്നിറങ്ങാതെ മടങ്ങി എംപി

തൃശൂർ:തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും വിവാദത്തിൽ. ഇത്തവണ സ്കൂളുമായി ബന്ധപ്പെട്ടാണ് വിവാദം. തൃശൂർ മണ്ഡലത്തിലെ മുല്ലശ്ശേരിയിലെ ഒരു സ്കൂൾ അദ്ദേഹം സന്ദർശിക്കാത്തതാണ് കാരണം. സ്കൂളിന്റെ പടിവാതിൽക്കൽ വരെ എത്തിയശേഷം അദ്ദേഹം തിരിച്ചു പോരുകയായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു മണിക്കൂർ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി സ്കൂൾ സന്ദർശിക്കാതെ മടങ്ങിപ്പോയത്. ശനിയാഴ്ച രാവിലെ പെരുവല്ലൂർ ഗവ. യുപി സ്കൂളിലാണ് കാത്തുനിന്നവരെ നിരാശരാക്കി മന്ത്രി പോയത്. സ്കൂൾ ഗേറ്റ് കടന്ന്‌ മന്ത്രിയുടെ വാഹനം അകത്തേക്ക് പ്രവേശിച്ചെങ്കിലും വാഹനം നിർത്തി അതിൽത്തന്നെ സുരേഷ്‌ ഗോപി ഇരുന്നു. പിന്നീട് വാഹനം പുറകോട്ടെടുത്ത് റോഡുദ്ഘാടനവേദിയിലേക്ക് പോകുകയായിരുന്നു.

സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തിരിച്ചുപോയതെന്നും അദ്ദേഹത്തിന്റെ പ്രോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നുമാണ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. 2026-ൽ ശതാബ്ദി ആഘോഷിക്കുന്ന പെരുവല്ലൂർ ഗവ. സ്കൂളിന് എംപി ഫണ്ടിൽനിന്ന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. നേരിട്ട്‌ സ്കൂൾ സന്ദർശിച്ച്‌ തീരുമാനിക്കാമെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു. പെരുവല്ലൂരിൽ റോഡ് ഉദ്ഘാടനത്തിനെത്തുമ്പോൾ സുരേഷ് ഗോപി സ്കൂൾ സന്ദർശിക്കുമെന്ന് വാർഡ് അംഗം സ്കൂൾ പ്രധാനാധ്യാപികയോട് പറഞ്ഞിരുന്നു. അതുപ്രകാരമാണ് മുല്ലശ്ശേരി പഞ്ചായത്തു പ്രസിഡന്റ് ഉൾപ്പെടെയുള്ളവരും സ്കൂൾ അധികൃതരും കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നത്.

സുരേഷ് ഗോപി സ്കൂൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകർ ക്ലസ്റ്റർ ക്ലാസ്‌ മാറ്റിവെച്ചാണ് സ്കൂളിൽ എത്തിയത്. മന്ത്രിയുടെ ഈ പ്രവർത്തിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക എതിർപ്പുകളും കമന്റുകളുമാണ് വരുന്നത്

Post a Comment

أحدث أقدم
Join Our Whats App Group