കണ്ണൂർ: ഓട്ടിസത്തിന്റെ തളർച്ച മറന്ന് നാലുവയസുകാരൻ ഡാനിയേല്‍ വേമ്ബനാട്ടുകായലില്‍ നീന്തിയെടുത്തത് ലോകറെക്കാഡ്.
അഞ്ചു കിലോമീറ്റർ നീന്തിയാണ് നേട്ടം സ്വന്തമാക്കിയത്. പത്തു വയസുവരെയുള്ള ഭിന്നശേഷിക്കാരില്‍ കൂടുതല്‍ ദൂരം നീന്തിയ പ്രായം കുറഞ്ഞയാളെന്ന റെക്കാഡിനുടമയാണിപ്പോള്‍ ഡാനിയേല്‍.
വാട്ടർ തെറാപ്പി (ജലചികിത്സ)ക്കായാണ് നീന്തല്‍ പരിശീലിച്ചത്.
മംഗളൂരുവില്‍ താമസമാക്കിയ പ്രഫുല്‍ ജോസിന്റെയും അയർലന്റില്‍ നഴ്സായ ഐശ്വര്യയുടെയും മകനാണ് കണ്ണൂർ പരിയാരം അലക്യംപാലം സ്വദേശി ഡാനിയേല്‍. പരിയാരത്ത് താമസിക്കുന്ന അമ്മൂമ്മ മേച്ചിറാകത്ത് ഷാന്റി എം. ബാബുവിനൊപ്പമാണ് താമസം. മൂന്നാം വയസിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കോട്ടയത്തുള്ള ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററില്‍ തെറാപ്പി ചെയ്തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.
ഇതിനിടയിലാണ് ഷാന്റി വാട്ടർ തെറാപ്പിയെക്കുറിച്ച് കേട്ടത്. തുടർന്ന് കോട്ടയത്തെ ജീവൻരക്ഷാ സ്വിമ്മിംഗ് അക്കാഡമില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചതോടെ ഡാനിയലില്‍ മാറ്റങ്ങളുണ്ടായി. രാത്രിയില്‍ തീരെ ഉറങ്ങാതിരുന്ന കുട്ടി നന്നായി ഉറങ്ങാൻ തുടങ്ങി. ആഹാരം കഴിക്കാനുള്ള മടിയും കരയുമ്ബോള്‍ കണ്ണീർ വരാത്തതുമടക്കമുള്ള പ്രശ്നങ്ങളും മാറി.
നിലവില്‍ സംസാരിക്കാൻ മാത്രമാണ് ബുദ്ധിമുട്ടുള്ളത്. എഴുത്തും ഡാനിയേലിന് വഴങ്ങിത്തുടങ്ങി. പരിയാരത്തുള്ള ഡ്രീം വെയർ ഇന്റർനാഷണല്‍ മോണ്ടിസോറി പ്രീ സ്‌കൂള്‍ വിദ്യാർത്ഥിയാണിപ്പോള്‍. പയ്യന്നൂർ തപസ്യയില്‍ കീ ബോർഡും പരിശീലിക്കുന്നുണ്ട്. ഡേവിഡ്, സാറ മറിയം എന്നിവർ സഹോദരങ്ങളാണ്.
നീന്തല്‍ പഠിച്ചത് മൂന്നുദിവസം കൊണ്ട്
മൂന്ന് ദിവസം കൊണ്ടാണ് ഡാനിയല്‍ നീന്തല്‍ പഠിച്ചത്. ആദ്യ ദിവസം ട്യൂബിലും തുടർന്നുള്ള ദിവസങ്ങളില്‍ ഇവയുടെ സഹായമില്ലാതെയും നീന്തി. തുടർന്ന് ഡാനിയേലിന് അക്കാഡമി സൂപ്പർ സ്വിമ്മർ അവാർഡും നല്‍കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 17ന് അഷ്ടമുടി കായലില്‍ നീന്തലില്‍ വേള്‍ഡ് റെക്കാഡ് അറ്റംറ്ര് ട്രയല്‍ നടന്നിരുന്നു. അന്ന് രണ്ട് കിലോമീറ്റർ നീന്തിയാണ് വേള്‍ഡ് റെക്കാഡ് മത്സരത്തിലേക്ക് യോഗ്യത നേടിയത്. സെപ്തംബർ 15നാണ് വേമ്ബനാട്ടുകായലില്‍ നീന്തി ഡാനിയേല്‍ റെക്കാഡിട്ടത്. സർക്കാരിന്റെ ഭിന്നശേഷി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്വിമ്മിംഗ് തെറാപ്പി കോഴ്സ് പൂർത്തിയാക്കിയ കുട്ടികളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. കോട്ടയം സ്വിമ്മിംഗ് അക്കാഡമിയിലെ ഗ്രാൻഡ് മാസ്റ്റർ അബ്ദുള്‍ കലാം ആസാദാണ് പരിശീലകൻ.
إرسال تعليق