Join News @ Iritty Whats App Group

'ലാൽസലാം', സർക്കാർ മോഹൻലാലിനായി ഒരുക്കുന്നത് വമ്പൻ പരിപാടികൾ; ശോഭന, മീന, ഉർവശിയും അടക്കം മിന്നും താരങ്ങളെത്തും

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘ മലയാളം വാനോളം ലാൽസലാം’ ശനിയാഴ്ച വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ആയിരക്കണക്കിന് പ്രേക്ഷക പങ്കാളിത്തം പ്രതീക്ഷക്കുന്ന ചടങ്ങിനായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ. കൃത്യമായ സുരക്ഷാ നിയന്ത്രണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിലയിരുത്തി.

മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ ടി. കെ. രാജീവ് കുമാറാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. മോഹൻലാലിന്‍റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിക്കും. കലാമണ്ഡലം വിനോദിന്‍റെ ആലാപനത്തിന് കലാമണ്ഡലം പ്രശാന്ത് മദ്ദളവും കലാമണ്ഡലം വേണു മോഹൻ ചെണ്ടയും വായിക്കും.

തുടർന്ന് മോഹൻലാലിന്‍റെ കലാസപര്യക്ക് ആദരമായി മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പിന്നണി ഗായകരുടെ സംഗീതാർച്ചന ‘രാഗം മോഹനം’ അരങ്ങേറും. എം ജി ശ്രീകുമാറിന്‍റെ ഗാനത്തോടെ തുടങ്ങുന്ന ‘രാഗം മോഹനത്തിൽ ’ തുടർന്ന് ഗായിക സുജാതയുടെ നേതൃത്വത്തിൽ സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്മി ഗോപാലസ്വാമി എന്നീ ഗായികമാരും ഗാനാർച്ചന നടത്തും. തുടർന്ന് മോഹൻലാലും ഗാനം ആലപിക്കും.

മോഹൻലാലിന് ആശംസകൾ അർപ്പിക്കാൻ അദ്ദേഹത്തിന്‍റെ നായികമാരായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ അഭിനേത്രിമാരായ ശോഭന, മീന, ഉർവശി, മേനക, മാളവിക മോഹൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽ സലാമിൽ’ പങ്കെടുക്കും. കേരള സർക്കാരിനുവേണ്ടി കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിക്കും. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലും

Post a Comment

Previous Post Next Post
Join Our Whats App Group