Join News @ Iritty Whats App Group

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പുകയുന്നു; 'കെ മുരളീധരന്‍ മുന്നോട്ട് വെച്ച ഒറ്റപ്പേര്', അതും തഴഞ്ഞതിൽ അതൃപ്തി

തിരുവനന്തപുരം:കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പുകയുന്നു. കെ മുരളീധരന്‍ പിന്തുണച്ചവരെ തഴഞ്ഞതിലാണ് അതൃപ്തി. കെ എം ഹാരിസിനെ ഒഴിവാക്കിയതിലാണ് കെ മുരളീധരന്‍ അമർഷം രേഖപ്പെടുത്തിയത്. മുരളി മുന്നോട്ട് വെച്ച ഒറ്റപ്പേര് ഹാരിസിന്റേതാണ്. ന്യൂനപക്ഷ സെൽ വൈസ് ചെയർമാനാണ് ഹാരിസ്. കെപിസിസി ഭാരവാഹിയാക്കാത്തതിൽ ചാണ്ടി ഉമ്മൻ അനുകൂലികൾ അതൃപ്തരാണ്. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്‍റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു വർഷം മുമ്പ് അപമാനിച്ച് പുറത്താക്കിയെന്നായിരുന്നു പ്രതികരണം.

13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് കെപിസിസി ഇന്നലെ പുറത്തുവിട്ടത്. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തിയാണ് കെപിസിസി പുനഃസംഘടിപ്പിച്ചത്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു. പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ആദ്യം രംഗത്തെത്തിയത് വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദാണ്. പട്ടികയ്ക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group