'കോടതിയില്‍ ഹാജരാക്കാനുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല, ഓഫീസുകള്‍ കയറി ഇറങ്ങുന്നു'; പൊലീസിനെതിരെ വീണ്ടും നിതിൻ രാജിന്റെ കുടുംബം
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തില്‍ പൊലീസിനെതിരെ വീണ്ടും കുടുംബം. കോടതിയില്‍ ഹാജരാക്കാൻ ആവശ്യമുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല.
ആറ് ദിവസമായി കണ്ണൂരില്‍ പൊലീസ് ഓഫീസുകള്‍ കയറി ഇറങ്ങുന്നെന്ന് നിതിൻ രാജിന്റെ പിതാവ് രാജൻ.
റാമിനെതിരെ ഹൈക്കോടതിയില്‍ എന്ത് രേഖകള്‍ ഹാജരാക്കുമെന്നും അദ്ദേഹം ചോദിച്ചു. എസിപിയുടെ ഓഫീസില്‍ വിളിച്ച് വരുത്തി തന്റെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിച്ചെന്നും ആരോപണം.
അടിമുടി പരാജയപ്പെട്ട അന്വേഷണമായിരുന്നു പൊലീസിന്റേതെന്നും പ്രതികളെ രക്ഷപ്പെടുത്താനുള്ള തന്ത്രം മെനയുകയാണോയെന്ന് സംശയമെന്നും നിതിൻ രാജിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു.
ഏപ്രില്‍ 10നായിരുന്നു നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. സംഭവത്തില്‍ ആദ്യം ചക്കരക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. പിന്നാലെ കുടുംബം അധ്യാപകർക്കെതിരെ ആക്ഷേപം ഉന്നയിച്ചതോടെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയല്‍ നിയമവും ചുമത്തി അധിക വകുപ്പ് കൂടി ചേർത്തു. അധ്യാപകരായ ഡോ. റാമിനെയും ഡോ . സംഗീതയെയും പ്രതി ചേർത്ത് പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.
അന്വേഷണം സംബന്ധിച്ച് നിതിൻ്റെ കുടുംബവും പരാതി ഉന്നയിച്ചിരുന്നു. സൈബർ വിഭാഗം അടക്കം നടത്തിയ അന്വേഷണത്തില്‍ ലോണ്‍ ആപ്പില്‍ നിന്നെടുത്ത വായ്പയും അതുമായി ബന്ധപ്പെട്ട സമ്മർദവും സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മറ്റു ചില നിർണായക വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് പ്രത്യേക സംഘത്തിൻ്റെ തലവനായ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ശിപാർശ ചെയ്തത്. ഇത് അംഗീകരിച്ച ഡിജിപി സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന് ഉത്തരവിറക്കിയത്.
Post a Comment