Join News @ Iritty Whats App Group

‘ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ല, ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും’; റിനി ആൻ ജോർജ്


സിപിഎം നേതാവ് കെജെ ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതിൽ പ്രതികരണവുമായി യുവനടി റിനി ആൻ ജോർജ്. താന്‍ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു.

സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയിൽ പങ്കെടുത്തത്. കെ ജെ ഷൈനിന് ഐക്യദാർഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മുമായി ഗൂഢാലോചന നടത്തി എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. ആരോപണം തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. വിമർശനം ഉന്നയിക്കുന്നവരെ മുഴുവൻ സിപിഎം ആക്കുകയാണെന്നും റിനി പറഞ്ഞു.

പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് പലതും തുറന്ന് പറയാത്തത്. നേരിട്ടറിയുന്ന പലകാര്യങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യാൻ കെ ജെ ഷൈനിന് സ്വാതന്ത്ര്യമുണ്ട്. അതിൽ തീരുമാനം എടുക്കേണ്ടത് താൻ ആണ്. ഭാവിയിൽ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യം സങ്കല്പികം മാത്രമാണെന്നും റിനി ആൻ ജോർജ് കൂട്ടിച്ചേര്‍ത്തു.

പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. റിനിയെ സിപിഎമ്മിലേക്ക് കെജെ ഷൈൻ സ്വാഗതം ചെയ്തു. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെജെ ഷൈൻ വിമർശിച്ചു.

നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവർത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ഇന്നലെയും ആരെയും വിമർശിക്കാൻ റിനി തയാറായിട്ടില്ല. “എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്‌ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിൻ്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല.

രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്” – റിനി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group