Join News @ Iritty Whats App Group

സ്വന്തം 'ശവസംസ്കാരം' നടത്തി 74 -കാരൻ മോഹൻ ലാൽ, എല്ലാം തന്നോട് ആളുകൾക്ക് എത്ര സ്നേഹമുണ്ടെന്നറിയാൻ

നമ്മൾ മരിച്ചാൽ ആരെല്ലാം കരയും, ആരൊക്കെ ശരിക്കും സങ്കടപ്പെടും, ആരൊക്കെ നമ്മെ മിസ് ചെയ്യും ഇതൊക്കെ അറിയാൻ നമുക്ക് താല്പര്യമുണ്ടാവും. പക്ഷേ, എന്ത് ചെയ്യാനൊക്കും, മരിച്ചുനോക്കാനാവില്ലല്ലോ അല്ലേ? എന്തായാലും, ബിഹാറിൽ ഒരാൾ അങ്ങനെ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആള് മരിച്ച് നോക്കിയില്ല, പക്ഷേ മരിച്ചതായി അഭിനയിച്ചുനോക്കി. 

അതേ സ്വന്തം മരണനാടകമാണ് ഇയാൾ‌ ഒരുക്കിയത്. എല്ലാം ശരിക്കും തന്നോട് ആർക്കൊക്കെ സ്നേഹമുണ്ട് എന്ന് അറിയുന്നതിന് വേണ്ടി തന്നെ. ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കിലെ കൊഞ്ചി ഗ്രാമത്തിലാണ് സംഭവം നടന്നത്.74 വയസ്സുള്ള മുൻ വ്യോമസേനാ സൈനികനായ മോഹൻ ലാലാണ് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചത്. മരണശേഷമുള്ള എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് അലങ്കരിച്ച ഒരു ശവപ്പെട്ടിയിൽ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പോലും അദ്ദേഹം ആവശ്യപ്പെട്ടുവത്രെ. പശ്ചാത്തലത്തിൽ അതിവൈകാരിക പാട്ടുകൾ വരെ വച്ചിട്ടുണ്ടായിരുന്നു. 

എന്തായാലും, മോഹൻ ലാലിന് ഒട്ടും നിരാശപ്പെടേണ്ടി വന്നില്ല. നൂറുകണക്കിന് ആളുകളാണ് മരണ വാർത്ത അറിഞ്ഞ് അവിടെ എത്തിച്ചേർന്നത്. എന്നാൽ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ സമയത്ത് അയാൾ ശവപ്പെട്ടിയിൽ നിന്നും എഴുന്നേൽക്കുകയായിരുന്നു.എന്തായാലും, ഇത്രയൊക്കെ ആയതല്ലേ? പ്രതീകാത്മകമായി ഒരു കോലവും കത്തിച്ചു. പിന്നാലെ അവിടെ എത്തിയവർക്കെല്ലാം നല്ലൊരു വിരുന്നും നൽകിയത്രെ. തന്റെ ശവസംസ്കാര ചടങ്ങിൽ ആരൊക്കെ പങ്കെടുക്കുമെന്ന് കാണണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു, അതിനാലാണ് ഇത് ചെയ്തത് എന്ന് മോഹൻ ലാൽ പറഞ്ഞു. 'മരണശേഷം ആളുകൾ ശവമഞ്ചം ചുമക്കും, പക്ഷേ അത് നേരിട്ട് കാണാനും ആളുകൾ എന്നെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും അറിയാനും ഞാൻ ആഗ്രഹിച്ചു' എന്നും അദ്ദേഹം പറഞ്ഞു.സാമൂഹികകാര്യങ്ങളിലും ഇടപെടുന്ന ആളാണ് മോഹൻ ലാൽ. അടുത്തിടെ അദ്ദേഹം സ്വന്തം ചെലവിൽ നാട്ടിൽ ഒരു ശ്മശാനം പണിതിരുന്നു. ശവസംസ്കാരത്തിന് സൗകര്യമില്ലാതെ ആളുകൾ ബുദ്ധിമുട്ടുന്നത് കണ്ടതിന് പിന്നാലെയായിരുന്നു അത്.

Post a Comment

أحدث أقدم
Join Our Whats App Group