തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ സൗജന്യ റേഷൻ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ് എന്ന ആരോപണവുമായി ചെറിയാൻ ഫിലിപ്പ്. ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാർഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കിൽ സൗജന്യ റേഷനായ അരിയും ഗോതമ്പും നൽകാനാവില്ല. ഖ്യാതി നേടാനുള്ള കേരള സർക്കാരിന്‍റെ കള്ളക്കളിയിൽ ദരിദ്രർ പട്ടിണിയിലാവുകായാണ് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
വാർത്ത കുറിപ്പിന്‍റെ പൂർണ രൂപം
2002-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രിയും ജി.കാർത്തികേയൻ ഭക്ഷ്യമന്ത്രിയും ആയിരുന്നപ്പോൾ ആവിഷ്കരിച്ച ആശ്രയ പദ്ധതിയാണ് കേരളത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് തുടക്കമിട്ടത്. ആശ്രയ പദ്ധതിക്ക് കേന്ദ്ര സർക്കാർ അവാർഡും ലഭിച്ചിരുന്നു. 2005 ലെ ദേശീയ തൊഴിലുറപ്പു പദ്ധതിയും 2013-ലെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമാണ് കേരളത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് രാസത്വരകമായത്.
എഴുപതുകൾ മുതൽ ഗൾഫ് പ്രവാസികൾ ലക്ഷക്കണക്കിന് പണം കേരളത്തിലേക്ക് ഒഴുക്കിയത് കേരളത്തിൻ്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുകയും ദാരിദ്ര്യം അകറ്റുകയും ചെയ്തു. കാർഷിക മേഖല തകരുകയും വ്യവസായങ്ങൾ വളരാതിരിക്കുകയും ചെയ്ത കേരളം ആഭ്യന്തര വരുമാനത്തിൽ ഇപ്പോഴും വളരെ പുറകിലാണ്.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കള്ള പ്രചരണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ കണക്കുകളെ കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം ചോദ്യം ചെയ്തിട്ടുണ്ട്. കഥയറിയാതെയാണ് ദാരിദ്ര്യമുക്ത പ്രഖ്യാപനം എന്ന ആട്ടം കാണാൻ മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ എന്നിവർ നാളെ സർക്കാർ മേളയിൽ എത്തുന്നത്.
إرسال تعليق