Join News @ Iritty Whats App Group

ജോലിക്ക് വന്നിട്ടേയില്ല, സർക്കാർ ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് 'ശമ്പളം' കിട്ടിയത് 37,54,405 രൂപ; പകരം കമ്പനികൾക്ക് സർക്കാർ ടെൻഡറുകൾ

ജയ്‌പൂർ: ജോലിക്കെത്താതെ രണ്ട് വർഷത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യ 37.54 ലക്ഷം രൂപ 'ശമ്പളമായി' കൈപ്പറ്റിയ സംഭവം വിവാദമാകുന്നു. രാജസ്ഥാനിലാണ് സംഭവം. സർക്കാർ ടെൻഡർ ലഭിക്കുന്നതിന് പകരമായിരണ്ട് സ്വകാര്യ കമ്പനികളുടെ വ്യാജ ജീവനക്കാരിയായി ലിസ്റ്റ് ചെയ്യപ്പെട്ടാണ് ഈ വൻ തുക ഉദ്യോഗസ്ഥന്‍റെ ഭാര്യ കൈപ്പറ്റിയത്. രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഒരു ഹർജിയിലൂടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.

സർക്കാർ വകുപ്പായ രാജ്‌കോംപ് ഇൻഫോ സർവീസസിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം ജോയിന്‍റ് ഡയറക്ടറായ പ്രദ്യുമൻ ദീക്ഷിത്, തന്‍റെ ഭാര്യ പൂനം ദീക്ഷിതിന്‍റെ പേരിലാണ് നിയമവിരുദ്ധമായി പണം കൈപ്പറ്റിയത്. സർക്കാർ ടെൻഡറുകൾ ലഭിച്ച ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികളിലാണ് പൂനം ദീക്ഷിതിനെ വ്യാജമായി നിയമിച്ചിരുന്നത്.

കൂട്ടായ അഴിമതി, എസിബി അന്വേഷണം

ടെൻഡർ പാസാക്കി നൽകുന്നതിന് പകരമായി, പ്രദ്യുമൻ ദീക്ഷിത് ഈ കമ്പനികളോട് തന്‍റെ ഭാര്യയെ ജോലിക്കെടുക്കാനും മാസം തോറും ശമ്പളം നൽകാനും നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഈ വർഷം ജൂലൈ മൂന്നിന് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഞെട്ടിക്കുന്ന വിവരങ്ങൾ

2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ പ്രദ്യുമൻ ദീക്ഷിതിന്‍റെ ഭാര്യയായ പൂനം ദീക്ഷിതിന്‍റെ അഞ്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ കമ്പനികൾ പണം കൈമാറ്റം ചെയ്തു. ഇങ്ങനെ 'ശമ്പളം' എന്ന പേരിൽ നൽകിയ മൊത്തം തുക 37,54,405 രൂപയാണ്. ഈ മുഴുവൻ കാലയളവിലും പൂനം ദീക്ഷിത് ഈ രണ്ട് കമ്പനികളുടെ ഓഫീസുകളിലും ഒരിക്കൽ പോലും പോയിരുന്നില്ല.

പൂനം ദീക്ഷിതിന്‍റെ വ്യാജ ഹാജർ റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകിയത് ഭർത്താവായ പ്രദ്യുമൻ ദീക്ഷിത് തന്നെയാണ്. പൂനം ദീക്ഷിത് ഒരേ സമയം രണ്ട് കമ്പനികളിൽ നിന്ന് ശമ്പളം കൈപ്പറ്റുകയായിരുന്നു. ഒറിയോൺപ്രോ സൊല്യൂഷൻസിൽ വ്യാജമായി ജോലി ചെയ്യുന്നതിനിടയിൽ, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ നിന്ന് 'ഫ്രീലാൻസിംഗ്' എന്ന പേരിൽ അവർക്ക് പണം ലഭിച്ചു. ഈ കാലയളവിൽ രണ്ട് കമ്പനികൾക്കും സർക്കാർ ടെൻഡറുകൾ ലഭിക്കുകയും ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group